ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഐ.എൻ.എക്സ് മീഡിയക്കേസിൽ മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ഇന്ന് നിർണായക ദിനം. സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റജിസ്റ്റർ ചെയ്ത കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ചിദംബരത്തെ ഹാജരാക്കും.
എൻഫോഴ്‌സ്‌മെന്റ് കേസിൽ സുപ്രീംകോടതി ഇന്ന് വരെ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം നീട്ടണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. സിബിഐ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ സിബിഐ കേസിലും ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്നിൽ അഭിഭാഷകർ ആവശ്യമുന്നയിക്കും. ചോദ്യം ചെയ്യൽ പൂർത്തിയായ സ്ഥിതിക്ക് റിമാൻഡ് ചെയ്യേണ്ട കാര്യമില്ലെന്ന വാദമാകും ചിദംബരം ഉയർത്തുക.
Read Also : പി.ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു
സിബിഐ കസ്റ്റഡിയിൽ വിട്ടതിലെ നിയമസാധുത പരിശോധിക്കണമെന്ന ഹർജിയും കോടതിക്ക് മുന്നിലെത്തും. എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത കടുത്ത നിലപാട് തന്നെയാകും കോടതിയിൽ സ്വീകരിക്കുക. ചിദംബരത്തിനെതിരെയുള്ള തെളിവുകൾ മുദ്രവച്ച കവറിൽ കൈമാറിയേക്കും. മുദ്രവച്ച കവർ സ്വീകരിക്കാൻ കഴിഞ്ഞതവണ കോടതി കൂട്ടാക്കിയിരുന്നില്ല. കൂടുതൽ ദിവസം കസ്റ്റഡി ആവശ്യമുണ്ടെന്ന് സിബിഐ നിലപാടെടുത്താൽ സുപ്രീംകോടതി നിലപാട് നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here