സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ മൺസൂൺ കാലത്ത് ലഭിക്കുന്ന മഴയാണ് ഇതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. എന്നാൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമാകുമെന്നാണ് വിവരം.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. റെഡ് ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽവിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവരും കനത്ത ജാഗ്രത പുലർത്തണം. കേരള തീരത്ത് മത്സ്യതൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here