പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന്‍റെ നിർണായക യോഗം ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി യുഡിഎഫിന്‍റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളാ കോൺഗ്രസ് എമ്മില്‍ അധികാര തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാകും സ്ഥാനാർഥി പ്രഖ്യാപനം. കടുത്ത നിലപാടിലേക്ക് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗം പോകില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാനാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ മുന്നണിയോഗം നിർണായകമാണ്. പി ജെ ജോസഫും ജോസ് കെ മാണിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരള കോൺഗ്രസിലെ പ്രതിസന്ധി സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് മുന്നണി നേതൃത്വം. കാലങ്ങളായി കെ എം മാണി പ്രതിധീകരിച്ചിരുന്ന മണ്ഡലത്തില്‍ പി ജെ ജോസഫ് അവകാശവാദമുന്നയിക്കില്ലെന്നാണ് പ്രതീക്ഷ. പാലായിൽ സ്ഥാനാർഥി സംബന്ധിച്ച തർക്കത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ പി.ജെ. ജോസഫ്, അതേസമയം ചിഹ്നവും വിപ്പും താന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇത്തരം ഇടപെടലുകളിലൂടെയും തെരഞ്ഞെടുപ്പ് ചർച്ചകളിലൂടെയും
പാർട്ടിയില്‍ അധികാരമുറപ്പിക്കാനുളള തന്ത്രമാകും ജോസഫ് പയറ്റുക. ഇതിനോടുളള മറുപക്ഷത്തിന്‍റെ സമീപനവും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ, സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പ്രചാരണ രംഗത്ത് ഉള്‍പ്പെടെ ഇരുപക്ഷത്തെയും യോജിപ്പിച്ചു നിർത്തേണ്ട ബാധ്യതയും മുന്നണി നേതൃത്വത്തിനുണ്ട്. അത്തരം നിർദേശങ്ങളും ഇന്നത്തെ യോഗത്തിലുണ്ടാകും. ഉള്‍പ്പാർട്ടി പ്രശ്നങ്ങള്‍ കാരണം പാലായില്‍ കാലിടറുന്ന സാഹചര്യം ഉണ്ടാകരുതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ആവർത്തിക്കണമെന്നുമുളള കർശന നിർദേശം മുന്നണി നേതൃത്വം ഇതിനോടകം നല്‍കിയിട്ടുമുണ്ട്. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ തർക്കങ്ങള്‍ ആഭ്യന്തര പ്രശ്നങ്ങളായതിനാല്‍ മുന്നണി നേതൃത്വം ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി ഇടപെട്ടിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാർട്ടിയിലെ തർക്കങ്ങള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചർച്ചയുണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here