21 ഷോട്ടുകൾ നീണ്ട റാലിയിൽ ഫെഡററെ മലർത്തിയടിക്കുന്ന സുമിത്; വീഡിയോ

കഴിഞ്ഞ ദിവസം യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി അവസരം ലഭിച്ച ഇന്ത്യന്‍ താരം സുമിത് നാഗല്‍ കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സുമിത് ആദ്യ സെറ്റ് സ്വന്തമാക്കി എതിരാളിയെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫെഡററോട് തോറ്റ് പുറത്തായെങ്കിലും തലയുയര്‍ത്തിയാണ് സുമിത് മടങ്ങിയത്. ഫെഡറർക്കെതിരെ ഒരു പോയിൻ്റ് സ്വന്തമാക്കാനായി സുമിത് നടത്തിയ പ്രകടനത്തിൻ്റെ വീഡിയോ ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിക്കുകയാണ്.

21 ഷോട്ടുകൾ നീണ്ട റാലിയ്ക്കു ശേഷമാണ് സുമിത് പോയിൻ്റ് സ്വന്തമാക്കുന്നത്. ഫെഡറര്‍ പോയിന്റ് നേടും എന്ന് തോന്നിച്ചിടത്ത് ബാക്ക്ഹാന്‍ഡ് ഷോട്ടിലൂടെ സുമിത്ത് അഞ്ച് വട്ടം യുഎസ് ഓപ്പണ്‍ ചാമ്പ്യനായ താരത്തെ ഞെട്ടിച്ചു. സുമിതിൻ്റെ പ്രകടനത്തിൽ ഗ്യാലറിയിലെ ആരാധകരുടെ അവിശ്വസനീയതയും വീഡിയോയിൽ കാണാം.

റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് സ്വന്തമാക്കിയ സുമിത് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു. ആദ്യ സെറ്റില്‍ 2-0 എന്ന നിലയില്‍ പിന്നിലായ ശേഷമാണ് 6-4ന് സുമിത് സെറ്റ് സ്വന്തമാക്കുന്നത്. ഗ്ലാന്‍ഡ്സ്ലാമില്‍ ആദ്യമത്സരം കളിക്കാനിറങ്ങി മുന്‍ ലോക ഒന്നാം നമ്പറെ ഇന്ത്യന്‍ താരം അട്ടിമറിക്കുമെന്ന പ്രതീതിയുളവാക്കിയെങ്കിലും തിരിച്ചടിച്ച ഫെഡറര്‍ പിന്നീട് കളിയില്‍ ആധിപത്യം സ്ഥാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top