യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ കത്ത്

നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. ഇതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്ത് നല്കി. പ്രസ്തുത അക്കൗണ്ടുകള്‍ വഴി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി മുന്‍പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നാലു ബാങ്കുകളിലായുളള ആറ് അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് സംഘടനയുടെ വന്‍ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടന്നിരിക്കുന്നത്. യുഎന്‍എ ദേശീയാധ്യക്ഷന്‍ ജാസ്മിന് ഷാ, ജാസ്മിന്ഷയുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് ജിത്തു പിഡി എന്നിവരാണ് പ്രധാനമായും ഈ അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തിയിട്ടുളളത്. ഇവരില്‍ ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടുകളിലേക്ക് സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നിതിനിടെയും പ്രസ്തുത അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ക്കൂടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ സംഘടനയുടെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തെന്നാണ് പരാതി. യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകളുടെ രേഖകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് പരാതി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here