സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയെ രാത്രിയോടെ സുപ്രീംകോടതിയില്‍ ഹാജരാക്കും

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയെ രാത്രിയോടെ സുപ്രീംകോടതിയില്‍ ഹാജരാക്കും. കാണാതായ പെണ്‍ക്കുട്ടിയെ രാവിലെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിച്ച് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നടന്ന പീഡനവും പെണ്‍കുട്ടിയുടെ തിരോധാനവും ഒരു സംഘം അഭിഭാഷകരാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് സ്വമേധയാ ഹര്‍ജി പരിഗണിക്കാനിരിക്കെ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ സുരക്ഷയില്‍ അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. നിയമ വിദ്യാര്‍ത്ഥിനി കൂടിയായ മകളെ കുറിച്ചുള്ള അച്ഛന്റെ ആശങ്കയും പങ്കുവച്ചു.
ഇതിനിടെ, ആരോപണവിധേയനായ സ്വാമി ചിന്മയാനന്ദന് വേണ്ടി അഭിഭാഷകന്‍ ഹാജരായത് തര്‍ക്കത്തിന് കാരണമായി. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു ചിന്മയാനന്ദന്റെ പക്ഷം. ഇതിനെ മറ്റ് അഭിഭാഷകര്‍ എതിര്‍ത്തു. പെണ്‍ക്കുട്ടിയെ രഹസ്യമായി കേള്‍ക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന്, പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. ബാനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉന്നാവ് ഇരയുടെ കത്ത് കൃത്യസമയത്തു പരിഗണിച്ചില്ലെന്ന് നേരത്തെ സുപ്രീംകോടതിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here