യെച്ചൂരി-തരിഗാമി കൂടിക്കാഴ്ച; ചിത്രങ്ങൾ വൈറൽ

ഇന്നലെയാണ് ജമ്മു കശ്മീർ പാർട്ടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഒരു സഹായിയോടൊപ്പമാണ് യെച്ചൂരി, തരിഗാമിയുടെ വീട്ടിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അതിനിടെ ഇന്ന് കശ്മീരിൽ തങ്ങാൻ യെച്ചൂരി പൊലീസിനോട് അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സുപ്രീംകോടതിയുടെ അനുമതിയോടെയായിരുന്നു യെച്ചൂരിയുടെ സന്ദര്‍ശനം. തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യെച്ചൂരി പിന്നീട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകും.

Read Also: കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് അനുമതി

കഴിഞ്ഞ ദിവസമാണ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. തരിഗാമിയെ കോടതിയിൽ ഹാജരാക്കണമെന്ന യെച്ചൂരിയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു അനുമതി. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഉപാധികളോടെ സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നൽകുകയായിരുന്നു.

ബന്ധുക്കളെ മാത്രമേ കാണാൻ അനുവദിക്കാൻ പാടുള്ളൂവെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയ കോടതി മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ഇന്ത്യയിലെ ഏത് പൗരനും ആരെയും എവിടെ പോയും കാണുന്നതിന് തടസമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top