പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. ചിഹ്നത്തിന്റെ കാര്യത്തിലടക്കം ശുഭകരമായ വാർത്തയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ ഉച്ചയോടെ അന്തിമ തീരുമാനത്തിൽ എത്താനാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ. പാർട്ടി തീരുമാനത്തിന് ശേഷം വൈകീട്ടോടെ യുഡിഎഫ് നേതൃത്വവുമായി ചേർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം പൊതുസമ്മതനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം പി.ജെ ജോസഫ് ശക്തമാക്കിയിട്ടുണ്ട്. നിഷയാണ് സ്ഥാനാർത്ഥിയെങ്കിൽ രണ്ടില ചിഹ്നം നൽകേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. പാലായിലെ സ്ഥാനാർത്ഥിയായി ജോസ് കെ മാണി വിഭാഗം നിഷയുടെ പേര് തന്നെ നിർദേശിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ ജോസ് വിഭാഗം നേതാക്കൾ തന്നെ സൂചന നൽകിയിട്ടുണ്ട്.
Read Also; പാലാ ഉപതെരഞ്ഞെടുപ്പ്; പി.സി തോമസിന് സീറ്റ് നൽകുന്നതിൽ ബിജെപിയിൽ ഭിന്നത
നിഷ പാർട്ടി പ്രവർത്തകയാണെന്നും സ്ഥാനാർത്ഥിയാകുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി റോഷി അഗസ്റ്റിൻ ഇന്ന് രംഗത്തെത്തിയിരുന്നു. ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് പാലായിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃത്വം നാളെ ഇരു നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ ധാരണയിൽ എത്തിയശേഷമാകും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here