പാലാ ഉപതെരഞ്ഞെടുപ്പ്; പി.സി തോമസിന് സീറ്റ് നൽകുന്നതിൽ ബിജെപിയിൽ ഭിന്നത

കേരള കോൺഗ്രസ് നേതാവ് പി.സി തോമസിന് പാലാ സീറ്റ് നൽകുന്നതിൽ ബിജെപിയിൽ ഭിന്നത. ഇക്കാര്യത്തിൽ കോട്ടയം ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തെ എതിർപ്പറിയിച്ചു. കോട്ടയം ജില്ല ഘടകകക്ഷികൾക്ക് തീറെഴുതരുതെന്നാണ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി മത്സരിച്ച സീറ്റെന്ന നിലയിൽ പാലായിൽ ഇക്കുറിയും പാർട്ടി സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് ജില്ലാഘടകത്തിന്റെ ആവശ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലം നൽകിയതിന് പിന്നാലെ പാലാ സീറ്റും പി.സി.തോമസിന് നൽകി ജില്ല ഘടക കക്ഷികൾക്ക് തീറെഴുതരുതെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു. പാലാ മണ്ഡലം കമ്മിറ്റിയുടെയും പ്രാദേശിക ഘടകങ്ങളുടെയും സജീവ പിന്തുണയോടെയാണ് എതിർപ്പുയർത്തുന്നത്. സ്ഥാനാർത്ഥി പി.സി തോമസാണെങ്കിൽ പ്രവർത്തകർ നിർജീവമാകുമെന്ന മുന്നറിയിപ്പും ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്
അതേസമയം ഇന്നലെ പാലായിൽ നടന്ന ബിജെപി മണ്ഡലം പ്രവർത്തക യോഗത്തിലും പി.സി തോമസിന് സീറ്റ് നൽകുന്നതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാലായിൽ സ്ഥാനാർത്ഥിയായി എൻ.ഹരി, അഡ്വ.ജയസൂര്യൻ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here