‘ബിയോണ്ട് പിങ്ക്’ ആപ്പ് മലയാളത്തിലൊരുങ്ങുന്നു; ഇംഗ്ലീഷിന്റെ പരിഷ്കരിച്ച പതിപ്പും ലഭ്യമാകും

ഡോ. ബിന്ദു എസ് നായര്‍ എന്ന സാമൂഹ്യസംരംഭക നേതൃത്വം നല്‍കുന്ന ബിയോണ്ട് പിങ്ക് ആപ്പ് 90,000-ത്തിലേറെ ഡൗൺലോഡുകൾ പിന്നിട്ടതിനെത്തുടര്‍ന്ന് മലയാളത്തിലും ലഭ്യമാക്കി.
രണ്ടു വര്‍ഷം മുമ്പാണ് ബിയോണ്ട് പിങ്ക് ആപ്പ് രംഗത്തു വന്നത്. പുതിയ കാലത്തെ സ്ത്രീകളെ ലക്ഷ്യമിട്ട് ഇംഗ്ലീഷില്‍ തുടങ്ങിയ ആപ്പ് രണ്ടു വര്‍ഷത്തിനിടെ ഇത്രയും ഡൗൺലോഡുകൾ പിന്നിട്ടപ്പോഴാണ് മലയാളം പതിപ്പിനെപ്പറ്റി പിന്നണി പ്രവര്‍ത്തകര്‍ ആലോചിച്ചത്. ഇംഗ്ലീഷ് പതിപ്പിന്റെ നവീകരണവും ഇതോടൊപ്പം നടപ്പാക്കി.
‘ഇംഗ്ലീഷ് പതിപ്പിന്റെ പരിഭാഷയല്ല ഉദ്ദേശിക്കുന്നത്. മലയാളത്തില്‍ വിവരങ്ങളറിയാനാഗ്രഹിക്കുന്നവര്‍, അവര്‍ വായിക്കാനാഗ്രഹിക്കുന്ന വിഷയങ്ങളിലും വ്യത്യസ്തയുണ്ടെന്നു മനസിലാക്കി, വ്യത്യസ്തമായ ഒരു ടീമിനെയാണ് മലയാളം പതിപ്പിനു വേണ്ടി സജ്ജമാക്കിയിരിക്കുന്നത്’‐ ബിയോണ്ട് പിങ്ക് സിഇഒ ഡോ. ബിന്ദു എസ് നായര്‍ വിശദീകരിക്കുന്നു.
അതേ സമയം ബിയോണ്ട് പിങ്കിന്റെ അടിസ്ഥാനതത്വത്തില്‍ മാറ്റമില്ല. തീര്‍ച്ചയായും ഇതില്‍ സ്ത്രീകള്‍ക്ക് കാലാകാലങ്ങളായി താല്‍പ്പര്യമുള്ള വിഷയങ്ങളുണ്ട് – ഫാഷന്‍, ഹെല്‍ത്ത്, ഹോബികള്‍, ജോലി, ബന്ധങ്ങള്‍, ടീനേജ് വിഷയങ്ങള്‍, പ്രചോദനം തുടങ്ങിയവ. എന്നാല്‍ സ്ത്രീകള്‍ പൊതുവില്‍ പിന്നില്‍ നില്‍ക്കുന്ന വിഷയങ്ങളില്‍ അവരെ മുന്നോട്ടു കൊണ്ടുവരികയാണ് ഇംഗ്ലീഷ് പതിപ്പിന്റേയും മലയാളം പതിപ്പിന്റേയും മുഖ്യലക്ഷ്യമെന്ന് ബിന്ദു പറയുന്നു.
വിവിധ കാരണങ്ങളാല്‍ പുരുഷന്മാരെ അപേക്ഷിച്ച് രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ മേഖലകളിലുള്ള അറിവ് സ്ത്രീകള്‍ക്ക് കുറവാണെന്നത് മുന്നില്‍ക്കണ്ടുകൂടിയാണ് ബിയോണ്ട് പിങ്ക് വികസിപ്പിച്ചെടുത്തത്. വിവിധ മേഖലകളിലെ സ്ത്രീകളുടെ വിജയകഥകള്‍ ആപ്പിന്റെ ഭാഗമാണ്. പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ബീപ്പുകളാണ് പ്രധാന സവിശേഷത. (ബിയോണ്ട് പിങ്ക് പവര്‍ സമ്മറീസിന്റെ ചുരുക്കപ്പേരാണ് ബീപ്പ്).
മാനജ്‌മെന്റ് വിദഗ്ധ, എച്ച്ആര്‍ പ്രൊഫഷണല്‍ എന്നീ നിലകളിൽ വിദേശ കമ്പനികളിലുള്‍പ്പെടെയുള്ള 24 വര്‍ഷത്തെ അനുഭവസമ്പത്താണ് സ്ത്രീശാക്തീകരണ ആപ്പ് പുറത്തിറക്കാന്‍ ഡോ. ബിന്ദുവിന് പ്രേരണയായത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിയോണ്ട് മീഡിയ ലാബ്‌സിന്റെ പതിനാറംഗ ടീമാണ് ആ ആപ്പിനു പിന്നില്‍.
ഓര്‍ഗനൈസേഷന്‍ ബിഹേവിയറില്‍ പിഎച്ച്ഡി ബിരുദമുള്ള ഡോ. ബിന്ദു സ്ത്രീശാക്തീകരണരംഗത്തെ ലേഖനങ്ങള്‍, പഠനങ്ങള്‍, പ്രസംഗപരമ്പരകള്‍ എന്നിവകളിലൂടെയും പ്രസിദ്ധയാണ്. 2015-ലെ ഏഷ്യാ പസഫിക് എച്ച്ആര്‍ കോണ്‍ഗ്രസ്സില്‍ ഏഷ്യയില്‍ നിന്നുള്ള ഏറ്റവും സ്വാധീനം ചെലുത്തുന്ന എച്ച്ആര്‍ പ്രൊഫഷണല്‍, 2016-ലെ വേള്‍ഡ് എച്ച്ആര്‍ഡി കോണ്‍ഗ്രസില്‍ ഡൈവേഴ്‌സിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും ഇക്കാലത്തിനിടെ ഡോ. ബിന്ദുവിന് ലഭിച്ചു. 2003-ല്‍ പ്രസിദ്ധീകരിച്ച ‘ക്രിയേറ്റ് യുവര്‍ ഓണ്‍ സക്സസ് സ്‌റ്റോറി’ എന്ന പുസ്തകത്തിന്റെ കര്‍ത്താവു കൂടിയാണ് ഡോ. ബിന്ദു.
ലളിതമായ ഉപയോഗക്രമമാണ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. പവര്‍ സ്‌റ്റോറികള്‍ക്കു പുറമെ ഷീഹീറോ, വിമെന്റര്‍ തുടങ്ങിയ വിഭാഗങ്ങളും ബിയോണ്ട് പിങ്കിലുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്പ് വൈകാതെ ഐഒഎസ് ഫോണുകളിലേയ്ക്കും എത്തിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here