ഹാട്രിക്കടക്കം ആറു വിക്കറ്റ്; ബുംറയുടെ പേസാക്രമണത്തിൽ തകർന്ന് വിൻഡീസ്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ തകർന്നടിഞ്ഞ് വെസ്റ്റ് ഇൻഡീസ്. ഹാട്രിക്കടക്കം 6 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് വിൻഡീസിൻ്റെ കഥ കഴിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും വിൻഡീസിന് 129 റൺസ് കൂടി വേണം. ആകെ 329 റൺസ് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.
നേരത്തെ ഹനുമ വിഹാരിയുടെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 416 റൺസ് നേടിയിരുന്നു. 111 റൺസെടുത്ത ഹനുമ വിഹാരിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 225 പന്തിൽ 16 ബൗണ്ടറികളടക്കമായിരുന്നു വിഹാരിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി. 57 റൺസെടുത്ത് ടെസ്റ്റിലെ ആദ്യ അരസെഞ്ചുറി കുറിച്ച ഇഷാന്ത് ശർമ്മയും ഇന്ത്യയ്ക്കായി മികച്ച രീതിയിൽ ബാറ്റ് വീശി. വിൻഡീസിനായി നായകൻ ജേസൻ ഹോൾഡർ 5 വിക്കറ്റുകൾ വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് തുടക്കം തന്നെ തകർന്നു. ബുംറ കൊടുങ്കാറ്റായി മാറിയപ്പോൾ വിൻഡീസ് ചീട്ടുകൊട്ടാരം പോലെ തകർന്നു. ഏഴാം ഓവറിൽ 2 റൺസെടുത്ത ഓപ്പണർ ജോൺ കാമ്പെലിനെ വീഴ്ത്തിയാണ് ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചത്. അടുത്ത ഓവറിൽ ഡാരൻ ബ്രാവോ, ഷമർ ബ്രുക്സ്, റോസ്റ്റൺ ചേസ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി താരം ഹാട്രിക്കും തികച്ചതോടെ വിൻഡീസ് 13/4 എന്ന നിലയിലേക്ക് വീണു. ക്രേഗ് ബ്രാത്‌വെയ്റ്റിനെ പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. കാൽക്കുഴയ്ക്ക് പരിക്കേറ്റ് വൈകാതെ ഫീൽഡിനു പുറത്ത് പോയെങ്കിലും തിരികെ വന്ന് ജേസൻ ഹോൾഡറിനെയും ബുംറ പുറത്താക്കി. അവശേഷിക്കുന്ന ഒരു വിക്കറ്റ് മുഹമ്മദ് ഷാമിയ്ക്കാണ്.
34 റൺസെടുത്ത ഷിംറോൺ ഹെട്‌മെയറാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. രണ്ട് റൺസെടുത്ത ജഹ്‌മർ ഹാമിൽട്ടൺ, നാലു റൺസെടുത്ത റഖീം കോൺവാൽ എന്നിവരാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here