സുരക്ഷാ സംവിധാനങ്ങൾ മുൻ നിർത്തി ശ്രീനഗർ- ജമ്മു ദേശീയപാത വികസനം സാധ്യമാകുന്നു

രാജ്യത്ത് ഭീകരർ ലക്ഷ്യം വെയ്ക്കുന്ന എറ്റവും പ്രധാനപ്പെട്ട പാതയാണ് ശ്രീനഗർ – ജമ്മു ദേശീയ പാത. 370-ാം വകുപ്പ് പിൻവലിച്ചതിന് ശേഷം എർപ്പെടുത്തിയിരുന്ന ശക്തമായ നിയന്ത്രണങ്ങൾ നിലനിർത്തി കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുതൽ ഈ പാതയിലൂടെ വാഹന ഗതാഗതം പൂർണ്ണ തോതിൽ സൈന്യം അനുവദിച്ചു. 250 കിലോമീറ്റർ ദൈർഘ്യമുള്ള പാത പൂർണ്ണമായും സുരക്ഷാ സംവിധാനങ്ങൾ മുൻ നിർത്തി നാല് വരി ആക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
അതേസമയം, നിലവിലെ സാഹചര്യത്തിന് ഉടൻ അയവ് ഉണ്ടായില്ലെങ്കിൽ വിനോദ സഞ്ചാരികൾ എത്താത്തത് മൂലം വലിയ തിരിച്ചടി ആകും തങ്ങൾക്ക് ഉണ്ടാകുക എന്ന് പാതയ്ക്ക് ഇരുവശവും ഉള്ള ഗ്രാമീണർ പരാതിപ്പെടുന്നു.
250 കിലോ മീറ്ററോളം നീളുന്ന പാതയുടെ ഇരുവശവും 50 മീറ്റർ വീതം അകലത്തിൽ സായുധരായ സുരക്ഷ സേന നില ഉറപ്പിച്ചിരിക്കുകയാണ്. ശ്രീ നഗറിൽ നിന്നും പുൽവാമ ആക്രമണം നടന്ന ലത്‌പോരയിലെക്ക് ആണ് ആദ്യം പാത എത്തുക. പുൽവാമ ഭീകരാക്രമണം നടന്ന ഹൈവേയിലെ ഭാഗം ഇപ്പോഴും വ്യക്തമായി ഇവിടെ കാണാം. ട്രാൽ കടന്ന് അനന്ത് നാഗിലെ കാസി ഗുണ്ട് വരെ മാത്രമാണ് നാലുവരി പാത. പിന്നീട് പാതയ്ക്ക് പേര് ദേശീയ പാത എന്നാണെങ്കിലും ഒരു ശരാശരി പ്രാദേശിക പാതയുടെ എല്ലാ സ്വഭാവവും ഇതിനുണ്ട്. ചെങ്കുത്തായ കയറ്റവും കുത്തനെ ഉള്ള ഇറക്കവും ആണ് ജമ്മു ശ്രീനഗർ പാതയുടെ പ്രധാന പ്രത്യേകത. ഈ വെല്ലുവിളി നേരിട്ടാണ് സുരക്ഷ സേനയുടെ കാവൽ.
ദുർഘടമായ പാതയ്ക്ക് ഇരു വശവും ഉള്ള ഗ്രാമങ്ങളിൽ പൊതുവേ 370 പിൻ വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധമോ ആഹ്‌ളാദമോ ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വിനോദ സഞ്ചാരികൾ ഇനിയും താഴ് വരഉപേക്ഷിച്ചാൽ തങ്ങളുടെ ഉപജീവനം വഴിമുട്ടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കിലോ മീറ്ററുകളോളം നീളുന്ന മൂന്ന് തുരങ്കങ്ങളാണ് ഉള്ളത്. ഇതിൽ പത്ത് കിലോമീറ്റർ ഓളം ദൈർഘ്യമുള്ള ചെനാനി നഷ്‌റി തുരൻകം ആണ് പ്രധാനം. രാജ്യത്തെ എറ്റവും വലിയ ടണൽ റോഡാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here