റാകിറ്റിച്ചും ഡെംബലെയും പിഎസ്ജിയിലേക്ക് പോകാൻ തയ്യാറല്ല; നെയ്മറിനായുള്ള ശ്രമം ബാഴ്സ ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ സ്പാനിഷ് ക്ലബ് ബാഴ്സലോണ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഇരു ക്ലബുകളും തമ്മിലുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്നും അതുകൊണ്ട് തന്നെ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരും എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: അൻസു ഫാത്തി ഗോളടിച്ചു; ബോയൻ കിർകിച്ചിന്റെ റെക്കോർഡ് പഴങ്കഥ
നെയ്മറിനു വേണ്ടിയുള്ള പിഎസ്ജിയുടെ ഡിമാൻഡുകളാണ് ട്രാൻസ്ഫർ നടക്കാതിരിക്കാനുള്ള കാരണം. 220മില്യൺ ഡോളർ പണമായി നൽകണമെന്നായിരുന്നു പിഎസ്ജിയുടെ ആവശ്യം. അതല്ലെങ്കിൽ റാകിറ്റിച്ച്, ഡെംബലെ എന്നീ താരങ്ങളെ ഡീലിൽ ഉൾപ്പെടുത്തണമെന്നും പിഎസ്ജി ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച ബാഴ്സ കളിക്കാരെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ പിഎസ്ജിയിലേക്ക് പോകാൻ റാകിറ്റിച്ചും ഡെംബലെയും വിസമ്മതിച്ചു. ഇതാണ് ബാഴ്സയ്ക്ക് തിരിച്ചടി ആയത്.
മുന്നേറ്റ നിരയിലെ മൂന്നു സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ ബാഴ്സലോണ ലീഗിൽ തപ്പിത്തടയുകയാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ബാഴ്സ ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു കളി ജയിക്കുകയും മറ്റൊന്ന് സമനില ആവുകയും ചെയ്തു. സുവാരസ്, ഡെംബലെ എന്നിവർ പരിക്കിൽ നിന്ന് ഉടൻ മുക്തരാവുമെന്നാണ് വിവരം. അതേ സമയം, മെസി ഒരു മാസം പുറത്തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here