ഓണച്ചിത്രങ്ങൾ ബോക്സോഫീസ് തകർക്കും; പ്രധാന മത്സരം ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയും തമ്മിൽ

ഓണത്തിന് കേരളത്തിന്റെ ബോക്‌സ്ഓഫീസ് അങ്കം കടുക്കും. നാലു താരചിത്രങ്ങളാണ് പ്രധാനമായും നേർക്കുനേർ ഏറ്റുമുട്ടാനെത്തുന്നത്. മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൃഥ്വിരാജിൻ്റെ ബ്രദേഴ്‌സ് ഡേ, നിവിൻപോളി, -നയൻതാര ടീമിന്റെ ലൗ ആക്ഷൻ ഡ്രാമ, രജിഷ വിജയന്റെ ഫൈനൽസ് എന്നിവയാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശന്റേയും ശോഭയുടേയും പുതിയകാല അവതാരമായി കരുതപ്പെടുന്ന ലൗ ആക്ഷൻ ഡ്രാമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓണച്ചിത്രങ്ങളിൽ വിജയിക്കുമെന്ന് കരുതപ്പെടുന്നതും ലവ് ആക്ഷൻ ഡ്രാമ തന്നെയാണ്. ചിത്രത്തിൻ്റെ ടീസർ വൈറലായിരുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 13നാണ് റിലീസാവുക.

ബോക്‌സ് ഓഫീസ് കണക്കുകൾ തകർത്ത ലൂസിഫറിനുശേഷം വരുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണിയും പ്രതീക്ഷകളിൽ മുൻപന്തിയിലുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖങ്ങളായ ജിബുവും ജോജുവുമാണ്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചൈനയിലും ചിത്രീകരിച്ചു. സിനിമ സെപ്തംബർ ആറിനു തീയറ്ററുകളിലെത്തും.

ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് നായകവേഷത്തിലേക്ക് തിരിച്ചെത്തുന്ന ബ്രദേഴ്‌ഡേയും ഓണത്തിനു തൊട്ടുമുന്നോടിയായി റിലീസ് ചെയ്യും. മിമിക്രിവേദികളിലൂടെ സിനിമയിലെത്തി സ്വഭാവവേഷങ്ങളിലൂടെ പ്രതിഭ തെളിയിച്ച കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അഭിനയിക്കുന്നു. വില്ലനായി തമിഴിൽനിന്നും യുവതാരം പ്രസന്ന എത്തുന്നു. സെപ്തംബർ ആറിന് ഇട്ടിമാണിക്കൊപ്പം ബ്രദേഴ്സ് ഡേയും തീയറ്ററുകളിലെത്തും.

രജിഷ വിജയൻ പ്രധാനവേഷത്തിൽ എത്തുന്ന സ്‌പോർട്‌സ് ചിത്രം ഫൈനൽസും ഓണം ലക്ഷ്യമാക്കി ഒരുങ്ങുന്നു. പുതുമുഖം പിആർ അരുൺ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ സൈക്ലിസ്റ്റ് ആലീസായാണ് രജിഷ എത്തുന്നത്. ആലീസിൻ്റെ കോച്ചായി സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. സെപ്തംബർ ആറിനു തന്നെയാണ് ഫൈനൽസിൻ്റെയും റിലീസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More