വിഹാരിയ്ക്കും രഹാനെയ്ക്കും അർധസെഞ്ചുറി; വിൻഡീസിന് 468 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 468 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്‌സിലെ 299 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഹനുമ വിഹാരി രണ്ടാം ഇന്നിംഗ്സിലും തിളങ്ങി. വിഹാരി 53 റണ്‍സെടുത്തും അജിങ്ക്യ രഹാനെ 64 റണ്‍സെടുത്തും പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കെമാര്‍ റോച്ച് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
വെസ്റ്റ് ഇൻഡീസിനെ 117നു പുറത്താക്കിയതിനു ശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വിഹാരിയും രഹാനെയുമാണ് മികച്ച പ്രകടനം നടത്തിയത്. ലോകേഷ് രാഹുൽ (6), മായങ്ക് അഗർവാൾ (4) എന്നിവർ ഒറ്റയക്കത്തിൽ പവലിയനിലേക്കു മടങ്ങി. വിരാട് കോലി (0) ഗോൾഡൻ ഡക്കായി പുറത്തായി. കെമാർ റോച്ചാണ് മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്. ചേതേശ്വർ പൂജാരയെ (27) ജേസൻ ഹോൾഡർ പുറത്താക്കി.
രണ്ടാം ഇന്നിംഗ്‌സില്‍ 468 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. ജോണ്‍ കാമ്പെല്‍, ക്രേഗ് ബ്രാത്ത്‌വെയ്റ്റ് എന്നിവരെയാണ് വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായത്. 18 റണ്‍സുമായി ഡാരന്‍ ബ്രാവോയും 4 റണ്‍സുമായി ഷമാർ ബ്രൂക്ക്‌സുമാണ് ക്രീസില്‍. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ട് ദിവസം ബാക്കി നിൽക്കെ വിൻഡീസിന് ജയിക്കാൻ വേണ്ടത് 423 റൺസാണ്. ഇന്ത്യക്ക് വേണ്ടത് 8 വിക്കറ്റുകളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here