അഫ്രീദിയെ മറികടന്നു; ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകൾ മലിംഗയ്ക്ക്

ശ്രീലങ്കന്‍ വെറ്ററന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് ടി-20യില്‍ റിക്കാര്‍ഡ്. അന്താരാഷ്ട്ര ടി-20കളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മലിംഗ സ്വന്തമാക്കിയത്. മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയെയാണ് മലിംഗ മറികടന്നത്. 98 വിക്കറ്റുകളുള്ള അഫ്രീദിയെ മറികടന്ന മലിംഗയ്ക്ക് 99 വിക്കറ്റുകളാണുള്ളത്.

കാന്‍ഡിയില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി-20യിലാണ് മലിംഗ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോയെ ആദ്യ ഓവറില്‍ പുറത്താക്കിയാണ് മലിംഗ അഫ്രീദിക്ക് ഒപ്പമെത്തിയത്. പിന്നീട് കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ വീഴ്ത്തിയ മലിംഗ റെക്കോർഡിലേക്കും എത്തി. 74 മത്സരങ്ങളില്‍ നിന്നാണ് ലങ്കന്‍ താരത്തിന്റെ റെക്കോർഡ് നേട്ടം. അഫ്രീദിക്ക് 99 മത്സരങ്ങള്‍ കളിക്കേണ്ടിവന്നു 98 വിക്കറ്റുകള്‍ നേടാന്‍.

ഇംഗ്ലണ്ടിനെതിരേ 2006ലാണ് മലിംഗയുടെ കുട്ടിക്രിക്കറ്റിലെ അരങ്ങേറ്റം. 2011ല്‍ ടെസ്റ്റിനോടു വിടപറഞ്ഞ താരം കഴിഞ്ഞ ജൂലായില്‍ ഏകദിനവും മതിയാക്കിയിരുന്നു.

മത്സരത്തിൽ ന്യൂസിലൻഡ് അവസാന ഓവറിൽ വിജയിച്ചിരുന്നു. 3 പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനാണ് കിവീസ് ജയം കുറിച്ചത്. 79 റൺസെടുത്ത കുശാൽ മെൻഡിൻസിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 2 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ടിം സൗത്തിയാണ് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിൽ മാർട്ടിൻ ഗപ്റ്റിൽ (11), കോളിൻ മൺറോ (0), ടിം സെയ്ഫെർട്ട് (15) എന്നിവരുടെ വിക്കറ്റുകൾ വേഗം നഷ്ടപ്പെട്ടെങ്കിലും കോളിൻ ഡി ഗ്രാൻഡ്‌ഹോം (44), റോസ് ടെയ്‌ലർ (48) എന്നിവരുടെ ബാറ്റിംഗ് കിവീസിനു ജയമൊരുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top