ഐഎന്‍എക്‌സ് മീഡിയ കേസ്; വ്യാഴാഴ്ചവരെ പി. ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരം വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ തുടരും. ചിദംബരത്തെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ അറിയിച്ചെങ്കിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.

സിബിഐ കസ്റ്റഡി ചോദ്യം ചെയ്തു കൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് തയ്യാറായില്ല. എന്‍ഫോഴ്സ്മെന്റ് കേസില്‍ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയാനിരിക്കുകയാണ്. അതിന് ശേഷം സിബിഐ കേസില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നിലപാടെടുത്തു. വ്യാഴാഴ്ചവരെ സിബിഐ കസ്റ്റഡിയില്‍ തുടരാന്‍ ചിദംബരത്തെ അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യവും കോടതി പരിഗണിച്ചു.

അതുവരെ വിചാരണക്കോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയില്‍ വാദം പറയില്ലെന്ന് ചിദംബരത്തിന്റെ മറ്റൊരു അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയും അറിയിച്ചു. ഇതോടെ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. വൈകിട്ട് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയ ചിദംബരത്തെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ അയച്ചു.

 

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More