ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായി മലയാളി സംവിധായകൻ

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായി മലയാളി സംവിധായകൻ വിജീഷ് മണിയും. നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഗോവ ചലച്ചിത്രോത്സവത്തിലാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് മണി ജൂറി അംഗമായത്. വിശ്വഗുരു, നേതാജി എന്നീ സിനിമകൾക്ക് ലഭിച്ച അംഗീകാരമാണ് വിജീഷിനെ ജൂറി അംഗമായി തെരഞ്ഞെടുക്കാൻ ഇടയാക്കിയത്.
അന്തർദേശീയ തലത്തിൽ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിയ ചലച്ചിത്രത്തിനുള്ള ലോക റെക്കോർഡ് നേടിയ ചിത്രമാണ് വിജീഷ് ഒരുക്കിയ വിശ്വഗുരു. അട്ടപ്പാടിയിലെ ആദിവാസി ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമിച്ച ആദ്യ സിനിമ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സിനിമയാണ് നേതാജി. രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബാഹുബലി ഒരുക്കിയ എസ് എസ് രാജമൗലിയുടെ പിതാവും തെലുങ്ക് സിനിമയിലെ പ്രശസ്തനുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധായകൻ വിജീഷ് മണിയാണ്.
കർണാടകത്തിൽ നിന്നുള്ള എസ്.എം പാട്ടീൽ, മുംബൈയിലെ കമലേഷ് മിശ്ര, നാഗാലാന്റിലെ അമേൻ ജമീർ, അസമിലെ മമ നയൻ, ഗുജറാത്തിലെ ശങ്കർ ദേശായ്, മിസോറാമിലെ ഡൊമിനിക്, മഹാരാഷ്ട്രയിലെ രാജ്, ഒഡീഷയിലെ പ്രശാന്തനു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here