കെണിയിൽ കുടുങ്ങി കുടുംബിനികൾ; സോഷ്യൽ മീഡിയയിലെ ചതിക്കുഴി തുടർക്കഥയാകുന്നു

സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അധികമാളുകളും ഇപ്പോഴും ബോധവാന്മാരല്ല. നന്മകൾ ഏറെയുണ്ടെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുൾപ്പെടെ ജീവനെടുക്കാൻ വരെ സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗം കാരണമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയുടെ ദുരുപയോഗം വീണ്ടും ചർച്ചയാകാൻ ഈ ഒരു സംഭവം കാരണമായിരിക്കുകയാണ്.

കുടുംബ ബന്ധങ്ങൾ തകർക്കാനും അതിലൂടെ സ്ത്രീകളെ ചൂഷണം ചെയ്യാനും യുവാവ് സോഷ്യൽ മീഡിയയെ എങ്ങനെ ഉപയോഗിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവം തന്നെയാണ്. തനിക്ക് ഇഷ്ടം തോന്നുന്ന സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അവരുടെ ഫോൺ നമ്പർ കൈക്കലാക്കി ബന്ധം സ്ഥാപിക്കുകയാണ് യുവാവ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങൾ മനസിലാക്കി ഭർത്താക്കന്മാർക്ക് അവിഹിത ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചു. തുടർന്ന് ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്ത് ഇതിന്റെ സ്‌ക്രീൻ ഷോർട്ട് സ്ത്രീകൾക്ക് അയച്ച് കൊടുക്കുകയും ചെയ്തു. അത് ഭാര്യാ-ഭർതൃ ബന്ധത്തിൽ വിള്ളൽ രൂപപ്പെടാൻ ഇടയാക്കുന്നു. ഇത് മുതലെടുത്ത് സ്ത്രീകളുമായി വീഡിയോ ചാറ്റിംഗ് നടത്തി ഫോട്ടോ കൈക്കലാക്കി. ഇത് നഗ്ന ചിത്രങ്ങളാക്കി മാറ്റി, സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയാണ് അടുത്തപടി. കാര്യങ്ങൾ മനസിലാക്കി വരുമ്പോഴേക്കും സ്ത്രീകൾക്ക് ജീവിതം കൈവിട്ടുപോയിരിക്കും. അഭിമാനം ഭയന്ന് പലരും സംഭവം പുറത്തുപറയില്ല.

Read Also:പോസ്റ്റിന് താഴെ കമന്റിട്ടയാളുടെ തന്തക്ക് മുകേഷ് വിളിച്ചെന്ന് ആക്ഷേപം; പേജ് തന്റേതല്ലെന്ന് നടൻ

സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദം പ്രണയമാകുകയും അത് പിന്നീട് ഓളിച്ചോടുന്നതിൽ വരെ എത്തുന്നതുമായ സംഭവങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മകളെ/ മരുമകളെ/ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വീടുവിട്ടിറങ്ങിയ പലരേയും കണ്ടെത്തിയിട്ടുണ്ട്. അവരെ തിരികെ വീട്ടിലെത്തിച്ചിട്ടുമുണ്ട്. എന്നാൽ ഒരു വിവരവും ലഭിക്കാതെ തേഞ്ഞുമാഞ്ഞ് പോയ എത്രയോ കേസുകളുണ്ട്.

കാണാതാകുന്ന വീട്ടമ്മമാരുടെ യഥാർത്ഥ കണക്ക് ഇതിലും അധികമാകുമെന്നാണ് പൊലീസ് പറയുന്നത്. പലരും മാനഹാനി ഓർത്ത് പൊലീസിൽ പരാതിപ്പെടാറില്ല. ഒളിച്ചോടി തിരികെ വന്നവരെ ഭർത്താക്കന്മാർ സ്വീകരിക്കാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്തു. ഒളിച്ചോടിയത് മണ്ടത്തരമായി എന്ന് വിലപിക്കുന്നവരാണ് അധികമാളുകളും. കേരളത്തിൽ ഓരോ വർഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്തു. ലോകത്തിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നാണ് കണക്കുകൾ.

ഇത്തരത്തിൽ എത്രയോ സഭവങ്ങളാണ് പുറംലോകം കാണാതെ പോകുന്നത്. ചിലതെങ്കിലും പുറത്തറിയുന്നത് മറ്റുള്ളവർക്ക് പാഠമാകുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദങ്ങൾ നല്ലത് തന്നെയാണ്. ശരിയല്ലെന്ന് തോന്നുകയാണെങ്കിൽ ‘നോ’ പറയാൻ നാം പ്രാപ്തരാകണമെന്ന് മാത്രം.

Read Also: ‘മാസങ്ങളോളം ഇരുട്ടറയിൽ പൂട്ടിയിട്ടു; ഇന്നും വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്’ : തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ മിന്നുന്ന വിജയം സ്വന്തമാക്കിയ ഹെയ്ദി സാദിയ ’24’ നോട്‌നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More