ട്രാഫിക് നിയമലംഘനം; ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47,500 രൂപ പിഴ

ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47,500 രൂപ പിഴ. ഭേദഗതി വരുത്തിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ട്രാഫിക് പൊലീസ് ഭീമൻ തുക ചുമത്തിയത്. സാധുവായ പെർമിറ്റ്, ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയ വാഹന രേഖകൾ ഓട്ടോ ഡ്രൈവർ കൈയിൽ കരുതിയിരുന്നില്ലെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവർ മദ്യപിച്ചായിരുന്നു വാഹനമോടിച്ചതെന്നും പൊലീസ് ആരോപിക്കുന്നു.

ഒഡീഷയിലെ ആചാര്യ വിഹാർ ചാക്കിലാണ് സംഭവം. ഹരിബന്ധു കൻഹാർ എന്ന ഓട്ടോഡ്രൈവർക്കാണ് ട്രാഫിക് പൊലീസ് ഭീമൻ തുക പിഴ ചുമത്തിയത്. പൊതു നിയമ ലംഘനത്തിന് 500 രൂപയാണ് പിഴ ചുമത്തിയത്. അസാധുവായ ഡ്രൈവിംഗ് ലൈസൻസിന് 5000 രൂപ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് 10,000 രൂപ, മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപ, വായു / ശബ്ദ മലിനീകരണ നിയമ ലംഘനത്തിന് 10,000 രൂപ, യോഗ്യതയില്ലാത്ത വ്യക്തിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് 5,000 രൂപ, രജിസ്‌ട്രേഷനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതിന് 5000 രൂപ, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 2,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.

അതേസമയം, ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്നാണ് ഹരിബന്ധു പറയുന്നത്. തന്റെ വാഹനം പിടിച്ചെടുക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ ചെയ്താലും തനിക്ക് ഈ തുക നൽകാൻ കഴിയില്ലെന്ന് ഹരിബന്ധു വ്യക്തമാക്കി. തന്റെ സെക്കൻഡ് ഹാൻഡ് ഓട്ടോയ്ക്ക് 25000 രൂപ മാത്രമാണ് ആയത്. അതിനേക്കാൾ വലിയ തുകയാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്. ബിരുദധാരിയായ താൻ പല ജോലികൾക്കും ശ്രമിച്ചു. ഒന്നും ലഭിക്കാതെ വന്നതോടെയാണ് നിത്യവൃത്തിക്കായി ഓട്ടോ വാങ്ങിയത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടാണ് കുടുംബം പുലർത്തുന്നത്. തന്റെ പക്കൽ എല്ലാ രേഖകളുമുണ്ടെന്നും ഡ്രൈവർ അവകാശപ്പെട്ടു. ഈ വർഷം സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഹരിബന്ധു കൻഹാറിനെതിരെ പിഴ ചുമത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More