പാരസെറ്റമോളിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ്!; സത്യമിതാണ്

പനിയെന്ന് കേട്ടാൽ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുക പാരസെറ്റമോളായിരിക്കും. പാരസെറ്റമോളിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ഉണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഇക്കാര്യം നിഷേധിച്ച് ഡോക്ടർമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ പാരസെറ്റമോളിനെതിരെ തെറ്റായ പ്രചരണമുണ്ടായിരുന്നു. ഇപ്പോഴത് വീണ്ടും വ്യാപകമായിരിക്കുകയാണ്. p/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോൾ ഗുളികയിൽ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്നാണ് വ്യാജപ്രചരണം. ഇത് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടത്രേ! ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണിതെന്നും മരണനിരക്ക് കൂട്ടുന്നതാണെന്നും ചിലർ അടിച്ചിറക്കി. ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ പോസ്റ്റ് കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ടാബ്‌ലെറ്റ് പോലെ വരണ്ടുണങ്ങിയ വസ്തുവിൽ വൈറസിന് ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഡോ. ഷിംന അസീസ്. സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളികയാണ് പാരസെറ്റമോൾ. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണെന്നും ഡോക്ടർ പറഞ്ഞുവയ്ക്കുന്നു.
ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി…അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവിൽ വൈറസിന് ജീവിക്കാൻ കഴിയില്ല. Antipyretic(പനിക്കെതിരെ പ്രവർത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്) ആണ് പാരസെറ്റമോൾ.
സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്…
ഈ മെസേജിന്റെ മലയാളം വേർഷനിലെ ‘അപകടമായീടും’ വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല…എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്ധന് മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല…
എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു…
അതായത്, ഈ ബ്രാൻഡ് പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങൾ…
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല…പാരസെറ്റമോൾ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാൻ ഒരാളുമില്ല….ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം…വിശകലനം ചെയ്യണം..സംശയം ചോദിക്കണം…
ഡോക്ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു…
ഈ ഒരു സാധനം കൊണ്ട് വാട്ട്സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട് ചോദ്യം.
വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധ മലയാളി സമൂഹം ഇതെങ്ങോട്ടാണ് ?
ഡോക്ടർ കൃഷ്ണനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പാരസെറ്റമോൾ p/500 ൽ നിന്ന് ‘മച്ചുപോ വൈറസ് ‘ബാധിച്ച് മരിച്ചെന്ന് പറഞ്ഞ് ഒരു ലോഡ്ഡ് മെസ്സേജുകളാ വരുന്നേ ??
പലരും ഇതിനെ കുറിച്ച് മുന്നേ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയിൽ ഒരുപാട് മെസ്സേജുകൾ വന്നത് കൊണ്ട് ഞാനും പോസ്റ്റുന്നു. ഇതൊന്നും നിർത്താറായില്ലേ, സുക്കർ ഏട്ടൻ ഫേസ്ബുക് തുടങ്ങ്യ കാലത്തുള്ളതാ, ഇപ്പൊ വീണ്ടും ട്രെൻഡ് ആയോ ??
‘സോഷ്യൽമീഡിയ ഡോക്ടർമാരെ കൊണ്ട് നിറയുന്നു. അതും ഇത്ര സാക്ഷരത നേടി എന്ന് പറയപ്പെടുന്ന മലയാളികൾ.
സത്യമാണോ എന്ന് ചോദിച്ചു വരുന്നവരോടല്ല ഇത് പറയുന്നേ, ഡോക്ടർ അറിയാഞ്ഞിട്ടാണ് സത്യമാണെന്ന് പറഞ്ഞ് ഫോട്ടോ സഹിതം അയച്ചു തരുന്നവരോടാണ്?
സത്യമാണെന്ന് വിശ്വസിച്ച് ഇനിയും ഫോർവേഡ് ചെയ്യുന്നവർക്ക് ആദരാഞ്ജലികൾ ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here