പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഗോകുലിനെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുത്തു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുലിനെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ചാണ് പരീക്ഷാ ക്രമക്കേടിന്റെ ഗൂഢാലോചന നടന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. അതേ സമയം പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ആരംഭിച്ച ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് ചോദ്യപേപ്പർ ലഭിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചു.
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുൽ കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരെയും ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയത് വിവാദമായിരുന്നു. ആദ്യം പിഎസ്സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്ക് പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങളെത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here