ചരിത്ര നിമിഷത്തിലേക്ക് ഒരു പകൽദൂരം; ചന്ദ്രനെ തൊടാൻ വിക്രം ലാൻഡർ

രാജ്യം ഉറ്റുനോക്കുന്ന അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രനെ തൊടുന്ന അപൂർവ നിമിഷത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലാണ് ചരിത്ര നിമിഷം പിറക്കുക. 74 ദിവസം കൊണ്ട് 3.48 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.

ഇതുവരെയാരും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ 2 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി, സിംപീലിയസ് എൻ എന്നീ ഗർത്തത്തിന് നടുക്ക് പേടകം ലാൻഡ് ചെയ്യിക്കാനാണ് ഐഎസ്ആർഒ ശ്രമിക്കുന്നത്. ആദ്യമായാണ് ഐഎസ്ആർഒ ഒരു ഉപഗ്രഹം സോഫ്റ്റ്‌ലാൻഡിംഗ് നടത്തുന്നത്. ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചാൽ 15 മിനിറ്റുകൊണ്ട് ഉപഗ്രഹം 30 കിലോമീറ്റർ സഞ്ചരിച്ച് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ എത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എഴുപതോളം വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

ജൂലായ് 22നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജിഎസ്എൽവി മാർക്ക് മൂന്ന് റോക്കറ്റ് 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ 2 നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനിൽനിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ സഞ്ചരിക്കുന്നത്. ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെയും മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിലേയും ശാസ്ത്രജ്ഞർ ലാൻഡറിന്റെ പ്രവർത്തനം വിലയിരുത്തി. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷണി ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top