അട്ടപ്പാടിയിൽ ഒരേക്കർ കഞ്ചാവ് തോട്ടം നശിപ്പിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ഒരേക്കർ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനംവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അട്ടപ്പാടിയിലെ ഗൊട്ടിയാർ കണ്ടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. നാലടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. നാല് മുതൽ അഞ്ചു മാസം വരെ പ്രായമായ കഞ്ചാവ് ചെടികൾക്ക് മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. അഗളി എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അട്ടപ്പാടിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വലിയ കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു.
പാടവയൽ ആനവായ് ഗലസി ഊരിന് സമീപം പൊടിയറ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 408 കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചത്. തടമെടുത്ത് രാസവളപ്രയോഗത്തിലൂടെ പരിപാലിച്ചു പോന്നിരുന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. അട്ടപ്പാടിയിൽ വാഹനത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി വ്യാപകമാണ്. കുത്തനെയുള്ള മലകൾ കയറിയിറങ്ങിയും കൊടും വനങ്ങളിലൂടെ സഞ്ചരിച്ചും മാത്രമേ വനം വകുപ്പിനും എക്‌സൈസിനുമെല്ലാം ഇത്തരം പ്രദേശങ്ങളിൽ പരിശോധനയ്‌ക്കെത്താൻ സാധിക്കുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here