കട്ടച്ചിറ പള്ളിത്തർക്ക കേസ്; യാക്കോബായ സഭയുടെ പുന:പരിശോധനാ ഹർജി തള്ളി

കട്ടച്ചിറ പള്ളിത്തർക്ക കേസിൽ യാക്കോബായ സഭ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിം കോടതി തള്ളി. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം കട്ടച്ചിറ പള്ളി ഭരിക്കപ്പെടണമെന്ന വിധിയെയാണ് യാക്കോബായ സഭ ചോദ്യം ചെയ്തത്. എന്നാൽ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് സഭയുടെ ഒരു ഹർജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കണ്ടനാട് ഭദ്രാസനവുമായി ബന്ധപ്പെട്ടാണ് ഓർത്തഡോക്‌സ് സഭ ഹർജി നൽകിയിരിക്കുന്നത്.
സഭാ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കുന്നത് വൈകിയിരുന്നു. വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രിം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ 27 ന് സുപ്രിം കോടതി വിധി നടപ്പാക്കിയത്. കനത്ത പൊലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു.
എന്നാൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായി. യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞതും സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. വൻ പൊലീസ് സുരക്ഷയിൽ ആലപ്പുഴ സബ് കളക്ടറുടെ നേതൃത്വത്തിലാണ് കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയത്. അതേ സമയം ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here