കണ്ണുനിറഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; ചേർത്തു നിർത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങൾ: വീഡിയോ

നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങവേ ആണ് വൈകാരികമായ മുഹൂർത്തങ്ങൾ സംഭവിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കിടെ വികാരാധീനനായ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെ ആലിംഗനം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ആശ്വസിപ്പിച്ചത്.

പ്രസംഗത്തിനു ശേഷം അവിടെ കൂടിയിരുന്ന എല്ലാ ശാസ്ത്രജ്ഞന്മാരെയും വ്യക്തിപരമായി കണ്ട് ഹസ്തദാനം നൽകിയ പ്രധാനമന്ത്രി തിരികെ പോകാനായി വാഹനത്തിലേക്ക് നടക്കവേയാണ് ശിവൻ അദ്ദേഹത്തിനരികിലേക്ക് വന്നത്. സംസാരിക്കുന്നതിനിടെ വിതുമ്പിപ്പോയ അദ്ദേഹത്തെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയായിരുന്നു.

Read Also: ചന്ദ്രയാൻ-2; ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

“തിരിച്ചടികളെ അതിജീവിച്ചവരാണ് നമ്മൾ. ഇതൊരു പരാജയമല്ല. ശാസ്ത്രജ്ഞന്മാരെ വിശ്വസിക്കുന്നു. ഐഎസ്ആർഒ ഇന്ത്യക്ക് അഭിമാനമാണ്. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോകരുത്. നമ്മൾ ശക്തമായി തിരികെ വരും. ഞാനും രാജ്യവും നിങ്ങൾക്കൊപ്പമാണ്. തിരിച്ചടികളിൽ തളരരുത്. പരിശ്രമം തുടരണം. വലിയ നേട്ടങ്ങൾ വരാനിരിക്കുന്നു. ഇപ്പോൾ നേടിയ നേട്ടം ചെറുതല്ല. ആത്മവിശ്വാസം കൈവിടരുത്. നിങ്ങൾ രാത്രി ഉറക്കമില്ലാതെ ചെലവഴിച്ചു. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.”- ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുത്; നമ്മൾ തിരികെ വരും’: ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇന്ന് പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.

നിലവിൽ വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആർഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവർക്കും ഐഎസ്ആർഒ നന്ദി അറിയിച്ചു. ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top