സിവിൽ സർവീസിൽ നിന്ന് വീണ്ടും രാജി; ജനാധിപത്യം അപകടത്തിലാകുമ്പോൾ സർക്കാർ സേവകനായി തുടരുന്നത് അധാർമ്മികതയെന്ന് രാജിക്കത്ത്

ജനാധിപത്യം അപകടത്തിലാണെന്ന് തുറന്നുപറഞ്ഞ് സിവില്‍ സര്‍വീസില്‍ വീണ്ടും രാജി. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ എസ് ശശികാന്ത് സെന്തിലാണ് പഴ്‌സണല്‍ മന്ത്രാലയത്തിന് രാജി നല്‍കിയത്. സാധാരണനിലയിലല്ല രാജ്യം ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും ജോലി വിടുന്നതില്‍ ജനങ്ങളോട് മാപ്പുപറയുന്നതായും ശശികാന്ത് സെന്തില്‍ രാജിക്കത്തില്‍ പറയുന്നു.

Read Also: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു

രാജിവെയ്ക്കാനുളള തീരുമാനം വ്യക്തിപരമാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ മുന്‍പ് കാണാത്തവിധം വീട്ടുവീഴ്ചകള്‍ക്ക് വിധേയമാകുമ്പോള്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികതയാണെന്നും രാജിക്കത്തില്‍ പറയുന്നു.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് 40കാരനായ ശശികാന്ത് സെന്തില്‍. 2009 മുതൽ 2012 വരെ ബെല്ലാരി അസിസ്റ്റൻ്റ് കമ്മീഷണറായി ജോലി ചെയ്ത അദ്ദേഹം ഷിവമോഗ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, ചിത്ര ദുർഗ, റെയ്ച്ചൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർ എന്ന ചുമതലകളും നിർവഹിച്ചിരുന്നു.

Read Also: കണ്ണൻ ഗോപിനാഥിനോട് ജോലിയിൽ തുടരാൻ കേന്ദ്രസർക്കാർ; വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കഴിഞ്ഞ മാസമാണ് മലയാളി കൂടിയായ കണ്ണന്‍ ഗോപിനാഥന്‍, രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്. എന്നാൽ രാജി സ്വീകരിക്കാൻ തയ്യാറാവാതിരുന്ന കേന്ദ്ര സർക്കാർ അദ്ദേഹത്തോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top