പാകിസ്താൻ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; വീഡിയോ പുറത്ത്

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ ശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ സൈന്യം പുറത്തു വിട്ടു. കശ്മീരിലെ കുപ്‌വാരയിൽ കേരൻ സെക്ടറിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ വധിച്ചതിന്റെ വീഡിയോയാണ് കരസേന പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. പാക്‌സൈന്യത്തിന്റെ പിന്തുണയോടെ ഇന്ത്യൻ അതിർത്തികടന്നെത്തിയ അഞ്ച് ഭീകരരെയാണ് സൈന്യം അന്ന് വധിച്ചത്.

Read Also; ഭീകരാക്രമണ സാധ്യത; കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശം

പലയിടങ്ങളിലായി മരിച്ചു കിടക്കുന്ന തീവ്രവാദികളുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തിയതായി കരസേനാ ദക്ഷിണ മേഖലാ കമാൻഡർ ഇൻ ചീഫാണ് അറിയിച്ചത്. ഇതേ തുടർന്നാണ് ഭീകരാക്രമണ സാധ്യത മുൻനിർത്തി ദക്ഷിണേന്ത്യയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത

ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തതായും ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പാകിസ്താൻ രഹസ്യമായി ജയിലിൽ നിന്ന് വിട്ടയച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീകരസംഘടനകളുമായി ചേർന്ന് ഇന്ത്യക്കെതിരായ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിനാകാം പാകിസ്താന്റെ ഇത്തരം നടപടികളെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top