ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.കെ ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്‌സ്‌മെന്റിന്റെ സമൻസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ മുൻ കർണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സെപ്റ്റംബർ 12ന് ഡൽഹിയിലെ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ശിവകുമാറുമായി ബന്ധപ്പെട്ട പണമിടപാടുകൾ പരിശോധിക്കുന്നതിനിടെ മകളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചതായാണ് വിവരം.

Read Also; ‘ഡി കെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യ’; ആരോപണവുമായി ബിജെപി അധ്യക്ഷൻ

ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായാണ് ശിവകുമാറിന്റെ മകളെ ചോദ്യം ചെയ്യുന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം. 2017 ജൂലായിൽ ശിവകുമാറും മകളും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും അന്വേഷണ സംഘം ചോദ്യം ചെയ്യലിൽ ശേഖരിക്കും. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top