കമൽനാഥിനെതിരേയും കുരുക്ക് മുറുകുന്നു; സിഖ് വിരുദ്ധ കലാപക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിലാണ് തുടരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് കമൽനാഥിനെതിരെ വീണ്ടും ആരോപണങ്ങൾ ഉയർന്നു വന്നത്. കേസിലെ ഒരു ദൃക്‌സാക്ഷികളിലൊരാളാണ് കലാപത്തിൽ കമൽനാഥിന്റെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു

1984 ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാക്കളായ സജ്ജൻ കുമാർ, ജഗദീഷ് ടൈറ്റ്‌ലർ എന്നിവരെ കൂടാതെ കമൽനാഥും പ്രതിയാണെന്നാണ് ആരോപണം. സെൻട്രൽ ഡൽഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരയ്ക്ക് പുറത്ത് കമൽനാഥിന്റെ സാന്നിധ്യത്തിൽ രണ്ട് സിഖുകാർ കൊല്ലപ്പെട്ടതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. കലാപ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു പത്രപ്രവർത്തകനും കമൽനാഥിന്റെ സാന്നിധ്യത്തെക്കുറിച്ചു സംഭവം അന്വേഷിച്ച നാനാവതി കമ്മീഷന് മൊഴി നൽകിയിരുന്നു. എന്നാൽ സംഭവ സമയം സ്ഥലത്തുണ്ടായിരുന്നതായി സമ്മതിച്ച കമൽനാഥ് താൻ ജനക്കൂട്ടത്തെ ശാന്തമാക്കാൻ ശ്രമിച്ചു എന്നാണ് ഇതിനു മറുപടി നൽകിയത്. ഇതിനെത്തുടർന്ന് കലാപത്തിൽ കമൽനാഥിന്റെ പങ്കിന് തെളിവില്ലെന്ന് അന്വേഷണ കമ്മിഷൻ അറിയിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top