ഓണവിപണി കീഴടക്കി ചെങ്ങാലിക്കോടൻ

ഓണമെത്തിയാൽ പിന്നെ വിപണിയിൽ വൻ ഡിമാൻഡാണ് ചെങ്ങാലിക്കോടൻ വാഴക്കുലകൾക്ക്. നിറവും വലിപ്പവും പൊലിമയുമെല്ലാം ഒത്തു ചേരുന്നുവെന്നതാണ് ചെങ്ങാലിക്കോടന്റെ പ്രത്യേകത. കേരളത്തിൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലേക്ക് കാഴ്ചക്കുലയായി സമർപ്പിക്കുന്നതിലേറെയും ചെങ്ങാലിക്കോടൻ തന്നെയാണ്. മധുരത്തിലും രുചിയിലും ചെങ്ങാലിക്കോടനെ വെല്ലാനാകില്ല. സവിശേഷമായ ചില പരിചരണമുറകളാണ് ചെങ്ങാലിക്കോടൻ കുലകൾക്ക് സ്വർണനിറം നൽകുന്നത്.

കേരളത്തിലാദ്യമായി ഭൗമസൂചികാ പദവി ലഭിച്ച വാഴയിനമാണിതെന്ന പ്രത്യേതകയുമുണ്ട്. തൃശൂർ ജില്ലയിൽ ചെങ്ങഴിനാട്, ചൂണ്ടൽ, പുത്തൂർ, പേരാമംഗലം, വേലൂർ, എരുമപ്പെട്ടി, മനക്കൊടി എന്നിവിടങ്ങളിലാണ് പ്രധാനമായും ചെങ്ങാലിക്കോടൻ കൃഷി ചെയ്യുന്നത്. പല സഹകരണ സംഘങ്ങൾക്കും ചെങ്ങാലിക്കോടൻ കൃഷിക്കുള്ള കർഷക സംഘങ്ങളുണ്ട്.

ഓണമെത്തിയാൽ പിന്നെ കാഴ്ചക്കുലകൾക്കായി ചെങ്ങാലിക്കോടന് ആവശ്യക്കാരേറെയാണ്. നിറവും, വലിപ്പവും, പൊലിമയുമെല്ലാം ഒത്തുചേർന്നാൽ ആ കുലയ്ക്കായി പിന്നെ മത്സരമാണ്. കിലോയ്ക്ക് നൂറ് രൂപയുള്ള ചെങ്ങാലിക്കോടന് ഓണനാളുകളിൽ വില നൂറ്റിയിരുപതെല്ലാം കടക്കാറുണ്ട്. ആഗ്രഹിച്ച കുല തന്നെ കിട്ടാൻ വേണ്ടി മോഹവില നൽകുന്നവരും കുറവല്ല.

ഉരുണ്ടതും നീളമുള്ളതുമായ കായകളാണ് ചെങ്ങാലിക്കോടന്റെ പ്രത്യേകത. നന്നായി മൂത്ത കായകൾ പഴുക്കുമ്പോൾ സ്വർണനിറത്തിലാകും. ഒരു കുലയിൽ പരമാവധി ഏഴ് പടലകൾ വരെയാണുണ്ടാകുക. നല്ല തൂക്കം വയ്ക്കുന്ന ഇനമാണിത്. ഒരു കായ തന്നെ മുന്നൂറ് ഗ്രാമിലേറെ തൂക്കം വരും. ഓണക്കാലത്ത് വിദേശത്തേക്ക് വരെ ചെങ്ങാലിക്കോടൻ കുലകൾ കയറ്റി അയയ്ക്കുന്നുണ്ട്.

കുല പൊതിഞ്ഞുകെട്ടൽ

ഏറെ പ്രത്യേകതകൾ നിറഞ്ഞ പരിചരണത്തിലൂടെ വിളയിച്ചെടുക്കുന്നതാണ് ചെങ്ങാലിക്കോടൻ കുലകൾ. കന്നു തെരഞ്ഞെടുക്കുമ്പോൾ മുതൽ വളപ്രയോഗത്തിലും നനയിലും വരെ പ്രത്യേകതകളുണ്ട്. വാഴ കുലച്ചുകഴിഞ്ഞാൽ കുല പൊതിഞ്ഞുകെട്ടലാണ് പ്രധാനം. കായകൾക്ക് ഒരു പോറലുമേൽക്കാത്ത കാഴ്ചക്കുലകൾക്കാണ് വിപണിയിൽ നല്ല വില കിട്ടുക. ഇതിനാൽ തന്നെ കായക്കുലകളെ നന്നായി പരിചരിക്കേണ്ടതുണ്ട്. കുല വന്ന് 25 ദിവസമാകുമ്പോഴാണ് വാഴയിലകൾ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടുക.

പടലകൾക്കിടയിലും കായകൾക്കിടയിലും ഉണങ്ങിയ വാഴയിലകൾ തിരുകി പ്രത്യേക രീതിയിലാണ് കുല പൊതിയുക. തുടർന്ന് 30 ദിവസം കഴിഞ്ഞാൽ വീണ്ടും പൊതി അഴിച്ച് മാറ്റിപ്പൊതിയും. ഇപ്പോൾ വാഴയിലകൾക്ക് പകരം പ്ലാസ്റ്റിക് കവർ ഉപയോഗിച്ചും ചിലയിടങ്ങളിൽ കുലകൾ പൊതിയുന്നുണ്ട്. വാഴ കുലച്ച് 100 മുതൽ 110 ദിവസങ്ങൾക്കകം കുല വെട്ടിയെടുക്കാം. നന്നായി മൂത്തു പഴുത്ത ചെങ്ങാലിക്കോടൻ കുലകൾ രണ്ടു മൂന്നു ദിവസത്തിനകം തന്നെ പഴുത്ത് തുടങ്ങും. കായകൾക്ക് നല്ല തൂക്കം വയ്ക്കുന്നതിനാൽ നന്നായി പഴുത്തു കഴിഞ്ഞാൽ പഴങ്ങൾ കുലയിൽ നിന്ന് അടർന്നു വീഴും.

ഗുരുവായൂരിലെ കാഴ്ചക്കുല സമർപ്പണം

ഗുരുവായൂർ ക്ഷേത്രത്തിലാണ് ഉത്രാടദിവസത്തിൽ ഏറ്റവുമധികം കാഴ്ചക്കുലകളെത്തുക. ആയിരത്തിലധികം കുലകളാണ് ഭക്തർ ഗുരുവായൂരപ്പന് സമർപ്പിക്കുക. ഇവയിൽ ഭൂരിഭാഗവും ലക്ഷണമൊത്ത ചെങ്ങാലിക്കോടൻ കുലകളാണ്. ക്ഷേത്രം മേൽശാന്തിയാണ് ആദ്യത്തെ കുല സമർപ്പിക്കുക.

തുടർന്ന് ദേവസ്വം അധികൃതരും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന പഴക്കുലകൾ ക്ഷേത്രത്തിൽ നാളെ നടക്കുന്ന തിരുവോണ സദ്യയിലെ പായസത്തിലേക്കും ബാക്കി വരുന്നവ പുന്നത്തൂർ കോട്ടയിലെ ഗജവീരൻമാർക്കുമായി മാറ്റി വയ്ക്കും. എന്നിട്ടും ബാക്കി വരുന്ന കുലകൾ ഭക്തർക്കായി ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് ലേലം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top