പരസ്യ പ്രസ്താവനകൾക്ക് വിലക്ക്; പാലായിൽ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ബെന്നി ബെഹനാൻ

കേരള കോൺഗ്രസിൽ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമായി. പി.ജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ഇന്ന് കോട്ടയത്ത് നടത്തിയ ചർച്ചയിലാണ് ഒന്നിച്ചു പോകാൻ തീരുമാനമായത്. ഇതേ തുടർന്ന് സമാന്തര പ്രചാരണം നടത്താനുള്ള നീക്കം ജോസഫ് വിഭാഗം പിൻവലിച്ചു. പിജെ ജോസഫ് പാലായിൽ പ്രചാരണത്തിനിറങ്ങുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Read Also; കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്
അതേ സമയം പരസ്യ പ്രതികരണങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും ഇനി ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇരു വിഭാഗത്തിനും മുന്നണി നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂക്കിവിളിച്ചതു പോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് യുഡിഎഫ് നേതൃത്വം ജോസഫ് വിഭാഗത്തിന് ഉറപ്പു നൽകുകയും ചെയ്തു.
പി.ജെ ജോസഫ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും യോഗത്തിനു ശേഷം യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു.പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മോൻസ് ജോസഫും വ്യക്തമാക്കി. ഇന്നത്തെ ചർച്ചയിലെ തീരുമാനങ്ങൾ പി.ജെ ജോസഫിനെ അറിയിക്കുമെന്നും ജോസഫ് തീരുമാനമെടുക്കുമെന്നും മോൻസ് പറഞ്ഞു.
Read Also; ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി ബാലകൃഷ്ണൻ
യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷണൻ, കെ.സി ജോസഫ് ,ജോസഫ് വാഴയ്ക്കൻ എന്നിവരും ജോസഫ് പക്ഷത്തെ പ്രതിനിധീകരിച്ച് ജോയ് എബ്രഹാം ,മോൻസ് ജോസഫ്, ടി.യു കുരുവിള എന്നിവരും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here