കാറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല; യുവാവിന് പിഴയീടാക്കി പൊലീസ്

മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിയത് അടുത്തിടെയാണ്. നിയമം കർശനമാക്കിയും പിഴ കുത്തനെ വർധിപ്പിച്ചും നിയമലംഘനം നടത്തുന്നവരുടെ പോക്കറ്റ് കീറാനൊരുങ്ങുകയാണ് കേന്ദ്രം. നിയമ ഭേദഗതി അശാസ്ത്രീയമാണെന്ന വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും പിഴ വർധന പിൻവലിക്കാനാവില്ലെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാവാനാണ് സാധ്യത. നിയമഭേദഗതിയിലെ അശാസ്ത്രീയത തുറന്നു കാട്ടുന്ന ഒരു സംഭവം ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയാണ്.

ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഒരു യുവാവിന് പിഴ ഈടാക്കിയിരിക്കുകയാണ്. ഹെൽമറ്റ് ധരിച്ചില്ലെന്നു കാട്ടി 500 രൂപ പിഴയുടെ ഇ-ചെലാൻ ആണ് യുവാവിനു ലഭിച്ചത്. ഇയാളുടെ കാർ നമ്പരാണ് ചെലാനിൽ രേഖപ്പെടുത്തിയിരുന്നത്. പിഴ അടക്കാൻ കാറിൽ, ഹെൽമറ്റ് ധരിച്ച് ട്രാഫിക് പൊലീസ് ഓഫീസറുടെ അടുത്തേക്ക് പോകുമ്പോഴാണ് മാധ്യമങ്ങൾ ഇയാളെ ശ്രദ്ധിക്കുന്നതും വാർത്തയാകുന്നതും.

സിസ്റ്റം എറർ ആണ് ഇക്കാര്യത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. അബദ്ധത്തിൽ സംഭവിച്ചു പോയതാവാമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More