ഇന്നത്തെ പ്രധാന വാർത്തകൾ

പാക് അധീന കശ്മീരിനായി സൈന്യം സജ്ജം : കരസേനാ മേധാവി

പാക് അധീന കശ്മീരിനായി സൈന്യം സജ്ജമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും കശ്മീർ നടപടി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടിയാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇനി പാക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സർക്കാരിന്റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് പിഴ പകുതിയായി കുറച്ചേക്കും

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക സംസ്ഥാനത്ത് പകുതിയായി കുറച്ചേക്കും. ഇതിനുള്ള നിയമ സാധ്യത ആരാഞ്ഞുവരികയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത് അഞ്ഞൂറു രൂപയായി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനുള്ള അയ്യായിരം രൂപ പിഴ മൂവായിരമാക്കി കുറയ്ക്കും.

 

മൂവാറ്റുപുഴയിൽ ബസിൽ കുഴഞ്ഞുവീണ രോഗിയെ ഇറക്കി വിട്ടു; രോഗി മരിച്ചു

മൂവാറ്റുപുഴയിൽ സ്വകാര്യബസിൽ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു. മൂവാറ്റുപുഴ സ്വദേശി സേവ്യർ ആണ് മരിച്ചത്. ബസിൽ കുഴഞ്ഞു വീണ രോഗിയെ അഞ്ച് കിലോമീറ്ററിന് ശേഷമാണ് ഇറക്കി വിട്ടത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ണപ്പുറത്തിനടുത്തുവച്ച് സംഭവം നടക്കുന്നത്. ബസിൽവച്ചാണ് സേവ്യറിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഇക്കാര്യം ബസ് അധികൃതരെ അറിയിച്ചുവെങ്കിലും മതിയായ അടിയന്തര ചികിത്സ നൽകാതെ അഞ്ച് കിലോമീറ്ററിന് ശേഷം മൂവാറ്റുപുഴ വണ്ണപ്പുറത്ത് ഇറക്കി വിടുകയായിരുന്നു.

 

കുൽഭൂഷൺ ജാദവിന് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ല : പാകിസ്താൻ

കുൽഭൂഷൺ ജാദവിന് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്താൻ. പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസിലാണ് ഇസ്ലാമാബാദിൽ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവ് അനുസരിച്ച് കുൽഭൂഷൺ ജാദവിന് പാകിസ്താൻ ഒരു തവണ നയതന്ത്ര കൂടികാഴ്ച അനുവദിച്ചിരുന്നു. എന്നാൽ ഒരിക്കൽ കൂടി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കുൽഭൂഷണുമായി കൂടികാഴ്ചയ്ക്ക് അനുവദിക്കില്ലെന്നാണ് പാകിസ്താൻ വ്യക്തമാക്കിയത്.

 

പദ്മവിഭൂഷന് ആദ്യമായി വനിതാ കായിക താരം; ചരിത്രം കുറിക്കാനൊരുങ്ങി മേരി കോം

ആറ് വട്ടം ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്യുന്നത്. മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്തതിന് പുറമെ, പദ്മ അവാര്‍ഡിനായി കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തതില്‍ ഒന്‍പത് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top