ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി പ്രശസ്ത കോസ്മറ്റിക്സ് കമ്പനി

ഡൗൺ സിൻഡ്രോം ബാധിച്ച 20കാരിയെ ബ്രാൻഡ് അംബാസിഡറാക്കി പ്രശസ്ത കോസ്മറ്റിക്സ് കമ്പനി ബെനഫിറ്റ് കോസ്മെറ്റിക്സ്. ഐറിഷ് മോഡൽ കേറ്റ് ഗ്രാൻഡിനെ തങ്ങളുടെ റോലർ ലൈനർ ലിക്വിഡ് ഐലൈനറിൻ്റെ ബ്രാൻഡ് അംബാസിഡറായാണ് ബെനഫിറ്റ് കോസ്മെറ്റിക്സ് നിയമിച്ചത്. ഡൗൺ സിൻഡ്രോമുള്ള ആദ്യ മോഡലെന്ന ബഹുമതിയും ഇതോടെ കേറ്റിനു സ്വന്തമായി.
ഒരു മോഡൽ എന്ന നിലയിലേക്കുള്ള തൻ്റെ വളർച്ച വിശദീകരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് കോസ്മറ്റിക്സ് കമ്പനി കേറ്റിനെ ശ്രദ്ധിക്കുന്നത്. വീഡിയോ കണ്ടപാടെ തങ്ങൾക്ക് കേറ്റിനെ ഇഷ്ടമായെന്ന് ബെനഫിറ്റ്സ് കോസ്മറ്റിക്സ് പറയുന്നു. ജോലിയോടുള്ള കേറ്റിൻ്റെ സമർപ്പണവും നിശ്ചയദാർഢ്യവും കണ്ട അവർ ബ്രാൻഡ് അംബാസിഡറായി മറ്റാരെയും തിരയേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഓഗസ്റ്റിൽ ടീൻ അൾട്ടിമേറ്റ് ബ്യൂട്ടി ഓഫ് ദ് വേൾഡ് മത്സരത്തിൽ ജേതാവായ കേറ്റ് ആധുനിക മോഡൽ എങ്ങനെയാവണമെന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here