പാലാ തെരഞ്ഞെടുപ്പ്; ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം

പാലായിൽ ജോസഫ് പക്ഷം ഇടഞ്ഞു തന്നെ. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ. പി.ജെ ജോസഫ് പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ സ്ഥാനാർത്ഥി ജോസ് ടോം പങ്കെടുക്കാതിലും ജോസഫ് പക്ഷം അമർഷം പരസ്യമാക്കി. എന്നാൽ പ്രചാരണത്തിരക്ക് മൂലമാണ് ജോസ് ടോം യോഗത്തിൽ എത്താതിരുന്നതെന്ന് ജോസ് കെ മാണി വിശദീകരിച്ചു.

ഒറ്റക്കെട്ടെന്ന പ്രയോഗം പാലായിൽ പ്രാവർത്തികമാകാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. പിജെ ജോസഫ് എത്തുന്ന പൊതുയോഗത്തിൽ പങ്കെടുക്കും, മറ്റ് പ്രചാരണ പരിപാടികളിൽ ക്ഷണം കിട്ടിയിട്ടില്ല. അറിയിക്കാത്ത പരിപാടി അന്വേഷിച്ച് കണ്ടെത്തി പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പിൽ ട്വന്റിഫോറിനോട് പറഞ്ഞു. മണ്ഡലത്തിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ സ്ഥാനാർത്ഥി എത്താത്തത് കരുതിക്കൂട്ടിയാണെന്ന് സൂചന നൽകുന്നതായിരുന്നു സജിയുടെ പ്രതികരണം. ഇതുവരെ ജോസ് ടോം ജോസഫിനെ കാണാൻ എത്താത്തതിലും അതൃപ്തി പരസ്യമാക്കി.

എന്നാൽ, സ്ഥാനാർത്ഥി യോഗത്തിൽ പങ്കെടുക്കാത്തതിൽ വ്യക്തമായ വിശദീകരണം നൽകാതെ ജോസ് കെ മാണി ഒഴിഞ്ഞു മാറി. പ്രശ്‌നം പരിഹരിച്ചെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും തർക്കങ്ങൾ തുടരുന്നുവെന്നാണ് ഇരു ഭാഗത്തെയും നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പതിനൊന്ന് മണി വരെ പാലായിൽ ഉണ്ടായിരുന്ന ജോസഫിനെ ഒൻപതരയ്ക്ക് പ്രചാരണം അവസാനിപ്പിച്ച ജോസ് ടോം കാണാത്തത് എന്തെന്ന ചോദ്യവും പ്രസക്തമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More