പാല വിധി ഇന്ന്; എട്ടു മുതൽ വോട്ടെണ്ണിത്തുടങ്ങും

പാല ഉപതെരെഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനി മിനിട്ടുകൾ മാത്രം. എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. ശേഷം വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങും. പതിമൂന്ന് ടേബിളുകളിലായാണ് വോട്ടെണ്ണൽ. രാമപുരം പഞ്ചായത്തിലെ 1 മുതൽ 14 വരെയുള്ള ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്. എട്ട് പത്തോടെ ആദ്യഫല സൂചനയറിയാം.

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ. എലിക്കുളം പഞ്ചായത്തിലെ ഏഴ് ബൂത്തുകൾ എണ്ണിത്തീരുമ്പോൾ പത്ത് മണിക്ക് മുമ്പായി വിജയിയെ അറിയാം. വി.വി പാറ്റ് ബാലറ്റുകൾ കൂടി എണ്ണിയശേഷമാകും അന്തിമ ഫലപ്രഖ്യാപനം.

പാല പിടിക്കാൻ കച്ചമുറുക്കിത്തന്നെയാണ് ഇടതുമുന്നണി ഇറങ്ങുന്നത്. മാണി സി കാപ്പനെന്ന ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയ ഇടതുമുന്നണി ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ്. മാണി സി കാപ്പൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർത്തി ജോസ് ടോം മാണി പ്രഭാവത്തിൽ വിജയിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മാണിയെ കേന്ദ്രീകരിച്ചു തന്നെ നടത്തിയ പ്രചാരണ പരിപാടികൾ കുറിക്കു കൊണ്ടിട്ടുണ്ടെന്നാണ് യുഡിഎഫ് പാളയത്തിലെ വിലയിരുത്തൽ.

അതേ സമയം, പാലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാവില്ലെന്നാണ് രാഷ്ട്രീയ കേരളത്തിൻ്റെ നിരീക്ഷണം. ഫ്‌ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സിനോട് അനുബന്ധിച്ച് നടത്തിയ ലൈവ് കോണ്ടസ്റ്റിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പ്രേക്ഷകരുടെ പ്രവചനം.

ഉപതെരഞ്ഞെടുപ്പിൽ പാല ആർക്കൊപ്പമായിരിക്കും എന്നതായിരുന്നു പ്രധാന ചോദ്യം. ജയിക്കുന്ന മുന്നണിക്ക് എത്ര ഭൂരിപക്ഷം ലഭിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. ഇതിന് മറുപടിയായി നിരവധി പേരാണ് കമന്റിട്ടത്. പാലാ യുഡിഎഫ് പിടിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 1000 മുതൽ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രവചിച്ചത്. കമന്റ് ചെയ്തവരിൽ ചെറിയ വിഭാഗം മാത്രമാണ് എൽഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. 3000 മുതൽ 8000 വരെ വോട്ടിന്റെ സാധ്യത പ്രേക്ഷകർ എൽഡിഎഫിന് പ്രവചിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top