പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി നാളെ പിഎസ്‌സിയുമായി ചര്‍ച്ചനടത്തും

പിഎസ്‌സി, കെഎഎസ് പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പിഎസ്‌സിയുമായി ചര്‍ച്ച നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. എം.ടി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെ നിരാഹാരമിരുത്തിയതിന് പിഎസ്‌സിയും സര്‍ക്കാരും ലജ്ജിക്കണമെന്ന് കവി വി. മധുസൂദനന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാരംഭിച്ച നിരാഹാര സമരം 18 ദിവസം പിന്നിടുകയാണ്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കവികളടക്കമുള്ളവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭാഷാ നയം നടപ്പിലാക്കിയിട്ടും പിഎസ്‌സി മലയാളത്തില്‍ ചോദ്യം ചോദിക്കുന്നത് പൊലീസ് കോണ്‍സ്റ്റബിള്‍, എക്‌സൈസ് ഗാര്‍ഡ്, എല്‍ഡിസി പരീക്ഷകള്‍ക്ക് മാത്രമാണ്.

കെഎഎസ് ഉള്‍പ്പടെയുള്ള ബിരുദം യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമര സമിതി അംഗങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയായ അനുരൂപ് വളാഞ്ചേരിയാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top