ആന്ധ്രപ്രദേശ് മുൻ സ്പീക്കർ കോഡെല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശിലെ മുൻ നിയമസഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) മുതിർന്ന നേതാവുമായ ഡോ. കോഡെല ശിവപ്രസാദ റാവു(72) ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2014 മുതൽ 2019 ജൂൺ വരെ കോഡെല ശിവപ്രസാദ് റാവു ആന്ധ്രാപ്രദേശ് നിയമസഭയിൽ സ്പീക്കറായിരുന്നു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷമുളള ആന്ധ്രയുടെ ആദ്യത്തെ സ്പീക്കർ കൂടിയായിരുന്നു അദ്ദേഹം. നർസാരോപേട്ട് നിയോജക മണ്ഡലത്തിൽനിന്ന് അഞ്ചുതവണ എംഎൽഎ യായി തെരഞ്ഞെടുക്കപ്പെട്ട കോഡെല ശിവപ്രസാദ് ഒരു തവണ സത്തേനപള്ളിയിൽനിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

Read Also; മോദിയെ വീഴ്ത്താൻ ഓടി നടന്നു; ഒടുവിൽ മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ട് ചന്ദ്രബാബു നായിഡു

1987 മുതൽ 88 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. 1996 മുതൽ 1999 വരെ ജലസേചന, പഞ്ചായത്ത് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെ ആന്ധ്രാ നിയമസഭാ മന്ദിരത്തിൽനിന്ന് കാണാതായ ഫർണീച്ചറുകളും എ.സി കളും ശിവപ്രസാദ് റാവുവിന്റെ വസതിയിൽനിന്ന് കണ്ടെത്തിയതിനെപ്പറ്റി വിവാദമുയർന്നിരുന്നു. എന്നാൽ നിയമസഭാ മന്ദിരം മാറ്റുന്നതിന്റെ ഭാഗമായാണ് ഫർണീച്ചറുകൾ തന്റെ വസതിയിൽ താത്കാലികമായി സൂക്ഷിച്ചതെന്നായിരുന്നു ശിവപ്രസാദ് റാവുവിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top