പരോൾ കാലാവധി അവസാനിച്ചു; നളിനി വെല്ലൂർ ജയിലിൽ തിരിച്ചെത്തി

രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി അനുവദിച്ച പരോൾ കാലാവധി അവസാനിച്ചു. നളിനി വെല്ലൂർ സെൻട്രൽ ജയിലിൽ തിരികെയെത്തി.

ജൂലൈ 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. തുടർന്ന് ആഗസ്റ്റിൽ പരോൾ കാലാവധി കഴിഞ്ഞുവെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. ഇതിനിടെ വധക്കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ചാവേർ സ്‌ഫോടനത്തിലൂടെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സർക്കാർ ജീവപര്യന്തമായി കുറച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top