സിസ്റ്റർ അഭയകേസ്; ഫാദർ തോമസ് കോട്ടൂരിനെതിരെ സാക്ഷി മൊഴി

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂരിനെതിരെ നിർണായക മൊഴി. സിസ്റ്റർ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളേജിലെ പ്രൊഫസറുമായിരുന്ന ത്രേസ്യാമ്മയാണ് മൊഴി നൽകിയത്. സ്വഭാവ ദൂഷ്യത്തിന് ഫാദർ തോമസ് കോട്ടൂരിനും കേസിൽ നിന്നൊഴിവാക്കിയ ജോസ് പൂതൃക്കയിലിനുമെതിരെ വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നതായി പ്രൊഫ.ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകി. കൂടാതെ പ്രതികളെ പന്ത്രണ്ടാം സാക്ഷിയായ ത്രേസ്യാമ്മ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.

വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികൾ കൂട്ടത്തോടെ കൂറു മാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് പ്രൊഫ. ത്രേസ്യാമ്മ കോടതിയിൽ നൽകിയ അനുകൂല മൊഴി പ്രോസിക്യൂഷന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ആറ് സാക്ഷികളാണ് കൂറുമാറിയത്. കേസിലെ 40-ാം സാക്ഷി സിസ്റ്റർ സുദീപ, 53-ാം സാക്ഷി ആനി ജോൺ എന്നിവർ ഇന്നലെ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

Read Also; സിസ്റ്റർ അഭയ കൊലക്കേസ്; കേസിൽ പലരും മൊഴിമാറ്റിയിട്ടും കൊടുത്ത മൊഴിയിൽ ഉറച്ച് നിന്നത് ‘കള്ളനായ’ രാജു മാത്രം; കൂറുമാറ്റത്തിന്റെയും വെളിപ്പെടുത്തലുകളുടേയും 27 വർഷങ്ങൾ

വിചാരണയ്ക്കിടെ ഇരുപത്തിയൊന്നാം സാക്ഷി നിഷ റാണിയും അമ്പതാം സാക്ഷി സിസ്റ്റർ അനുപമയും നേരത്തെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം  സിസ്റ്റർ സെഫിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായെന്നാണ് കോൺവെന്റിലെ അന്തേവാസിയായിരുന്ന നിഷ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ കോടതിയിൽ നിഷ റാണി മൊഴി മാറ്റി. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിലെ അടുക്കളയിൽ കണ്ടെന്നാണ് കേസിലെ അമ്പതാം സാക്ഷിയായ അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്.

എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top