മോട്ടോർ വാഹന നിയമലംഘനം; കാളവണ്ടിക്കും പിഴ

മോട്ടോർ വാഹന നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച വാർത്തകൾ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്. കാറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യാത്രക്കാരന് പിഴ ഈടാക്കിയതും സീറ്റ് ബെൽറ്റില്ലാതെ ഓട്ടോ ഓടിച്ചതിനു പിഴ ഈടാക്കിയതുമൊക്കെ വാർത്തയായി. ഇപ്പോഴിതാ ഡെറാഡൂണിലെ ഒരു കാളവണ്ടി ഉടമയ്ക്ക് പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് പിഴ ചുമത്തിയിരിക്കുകയാണ്.
ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള സഹാസ്പൂരിലെ ചാർബ ഗ്രാമത്തിൽ നിന്നുള്ള റിയാസ് ഹസന് 1000 രൂപയാണ് പൊലീസ് പിഴ ചുമത്തിയത്. കാളവണ്ടി തന്റെ ഫാമിന് സമീപമാണ് റിയാസ് നിര്‍ത്തിയിട്ടിരുന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയിൽ സബ് ഇൻസ്പെക്ടർ പങ്കജ് കുമാറും പൊലീസ് സംഘവും കാളവണ്ടി ‘പാർക്ക്’ ചെയ്തിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കാളവണ്ടിയുടെ ഉടമയാരാണെന്ന് പൊലീസ് അന്വേഷിച്ചു. പിന്നാലെ പൊലീസ് കാളവണ്ടി ഹസന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും എംവി ആക്ടിന്റെ സെക്ഷൻ 81 പ്രകാരം 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. തന്റെ ഫാമിന് പുറത്ത് സ്വന്തം കാളവണ്ടി നിര്‍ത്തിയിട്ടതില്‍ എന്താണ് തെറ്റെന്ന് റിയാസ് പൊലീസിനോട് ആരാഞ്ഞു. കൂടാതെ, മോട്ടോർ വെഹിക്കിൾസ് ആക്ടിന് കീഴിൽ വരുന്നവയല്ല കാളവണ്ടികളെന്നും എന്തിനാണ് തനിക്ക് പിഴ ചുമത്തിയതെന്നും ചോദിച്ചു.
ഇതോടെ എംവി ആക്ടിന് കീഴിൽ കാളവണ്ടിക്ക് പിഴ ചുമത്താൻ വ്യവസ്ഥയില്ലെന്ന് മനസിലാക്കിയ പൊലീസ് നടപടിയില്‍ നിന്നു പിന്മാറുകയും റിയാസിന് നല്‍കിയ ചലാൻ റദ്ദാക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here