കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗുണ്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

കിഫ്ബിയിൽ ഓഡിറ്റിംഗില്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ വസ്തുതാ വിരുദ്ധ പ്രചരണമാണെന്നും സിഎജി വകുപ്പ് 14 പ്രകാരം ഓഡിറ്റിംഗുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആക്ടിലെ 14ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കിഫ്ബിയിൽ കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കിഫ്ബിയിലും കിയാലിലും സിഎജിയുടെ ഓഡിറ്റ് ഒഴിവാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

കിഫ്ബി ആക്ട് 1999ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും ജൂലൈ അവസാനത്തിന് മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയിൽ സമർപ്പിക്കണം.

കിഫ്ബി ആക്ടിലെ വകുപ്പ് 3 പ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്‌കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്‌കീമിന്റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണ്.

2016ൽ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോൾ 16ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസ്സും വിനിയോഗവും സംബന്ധിച്ച് നിയമസഭക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ട് ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷൻ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. ഫണ്ട് വിനിയോഗ കാര്യത്തിൽ കൂടുതൽ സുതാര്യതയും നിയസഭയുടെ മെച്ചപ്പെട്ട പരിശോധനയും ഉറപ്പാക്കാനാണ് സർക്കാർ ഇത് ചെയ്തത്.

Read Also : സംസ്ഥാനത്ത് 1423 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം

കിഫ്ബിയുടെ വരവ് ചെലവുകൾ സിഎജി ആക്ട് സെക്ഷൻ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സർക്കാരിന്റെ ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സിഎജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സിഎജി ആക്ട് സെക്ഷൻ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല.

സെക്ഷൻ 14ന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിൽ സെക്ഷൻ 20 പ്രകാരം ഒരു സ്ഥാപനത്തിൽ ഓഡിറ്റ് നടത്തണമെന്ന് സിഎജിയോട് സംസ്ഥാന സർക്കാരിന് അഭ്യർത്ഥിക്കാം. മറിച്ച് സർക്കാർ ഗ്രാന്റോ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സിഎജിക്ക് സർക്കാരിനോടും അഭ്യർത്ഥിക്കാം. ഇതനുസരിച്ച് സർക്കാരിന് ഓഡിറ്റിങ് അനുവദിക്കാവുന്നതാണ്. എന്നാൽ കിഫ്ബിയുടെ സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റിങ്ങ് നടക്കുന്നതിനാൽ ഇതിന് പ്രസക്തിയില്ല.

വസ്തുതകൾക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ നടത്തുന്ന വികസന പദ്ധതികൾക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top