Advertisement

സൗദി എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

September 17, 2019
Google News 0 minutes Read

സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാണെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്ന് സൗദി സ്ഥിരികരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അമേരിക്ക പുറത്ത് വിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ നേരത്തെ ഏറ്റെടുത്തിരുന്നു.

എന്നാല്‍, സൗദിയുടെ എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎന്‍ പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിച്ചപ്പോള്‍ ട്രംപിന്റെ പ്രതികരണം കരുതലോടെയായിരുന്നു. യുഎസ് സംവിധാനങ്ങള്‍ സര്‍വസജ്ജമാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.

അതേ സമയം, ഇറാന്‍ ആരോപണം നിഷേധിക്കുകയാണ്. ഈ മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നും തങ്ങള്‍ പൂര്‍ണയുദ്ധത്തിനു സജ്ജരാണെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ പൂര്‍ണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പട്ടു. സൗദിയുടെ ആക്രമണം ഗള്‍ഫ് മേഖലയുടെ അനിശ്ചിതാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ന്‍ബര്‍ഗ് ആരോപിച്ചു.

അതേ സമയം ആക്രമണത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന എണ്ണവില കുറഞ്ഞു. കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന അമേരിക്കയുടെ നിലപാടാണ് എണ്ണവിലയിലെ കുതിപ്പ് തടഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here