കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജലനിരപ്പുയരുന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും. രണ്ടു ഷട്ടറുകളും ഒരടി വീതമാണ് ഉയർത്തുക. കക്കയം റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. കക്കയം ഡാമിന് താഴെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read Also; മഴ മാറിയാൽ സംസ്ഥാനം കൊടും വരൾച്ചയിലേക്കെന്ന് പഠനങ്ങൾ

ജലനിരപ്പ് 2661.20 അടിയായതിനെ തുടർന്ന് ഷോളയാർ ഡാം തുറക്കുന്നതിന് അനുമതി നൽകിക്കൊണ്ട് നേരത്തെ തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2663 അടിക്ക് മുകളിലായാൽ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിനാണ് കളക്ടർ അനുമതി നൽകിയത്. സെക്കന്റിൽ പരമാവധി 100 ഘനമീറ്റർ അധികജലമാണ് ഡാമിൽനിന്ന് തുറന്നുവിടുക. ഡാമുകൾ തുറന്നാൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also; ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

തമിഴ്‌നാട് ഷോളയാർ ഡാമിൽനിന്ന് സെക്കൻഡിൽ 500 ഘന അടി ജലം ഒഴുകിയെത്തുന്നതിനാലാണ് കേരള ഷോളയാറിൽ ജലനിരപ്പുയർന്നത്. 2663 അടിയാണ് കേരള ഷോളയാറിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം സെപ്റ്റംബർ 19ന് ജലനിരപ്പ് 2663 അടിയാവാനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഡാം തുറന്നുവിടുമ്പോൾ ചാലക്കുടി പുഴയിൽ രണ്ട് അടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പുഴയിൽ ഇറങ്ങുന്നവരും മീൻ പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top