പരിക്ക്; ഹിമ ദാസ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നു പുറത്ത്

ഇന്ത്യൻ സ്പ്രിൻ്റർ ഹിമ ദാസ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നു പുറത്ത്. പുറം വേദനയെത്തുടർന്നാണ് ഹിമ പുറത്തായത്. അത്‌ലറ്റിക്സ് ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദോഹയിൽ സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെയാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക.
സമീപകാലത്തായി ഉജ്ജ്വല ഫോമിലായിരുന്നു ഹിമ. തുടർച്ചയായ അഞ്ച് ഗോൾഡ് മെഡലുകളാണ് ഹിമ ഒരു മാസത്തിനിടെ സ്വന്തമാക്കിയത്.
ഹിമ ഉള്‍പ്പെടെ ഏഴ് വനിതകളാണ് ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത്. ജിഷ മാത്യു, എംആര്‍ പൂവമ്മ, രേവതി വീരമണി, ശുഭ വെങ്കിടേശന്‍, വികെ വിസ്മയ, രാംരാജ് വിത്യ എന്നിവരാണ് മറ്റു താരങ്ങള്‍. റിലേ മത്സരങ്ങളിലും ഹിമയ്ക്ക് പങ്കെടുക്കാനാകാത്തതിനാല്‍ പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞു.
ജൂലൈ രണ്ടിനാണ് ഹിമ ഇക്കൊല്ലത്തെ തൻ്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പോളണ്ടിൽ നടന്ന പോസ്നാൻ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ 200 മീറ്റര്‍ പിന്നിട്ടത് 23.65 സെക്കന്‍ഡില്‍. ആ മാസം എട്ടിന് പോളണ്ടില്‍ വച്ചു തന്നെ നടന്ന കുത്‍നോ അത്‍ലറ്റിക്സ് മീറ്റിലായിരുന്നു രണ്ടാമത്തെ സ്വര്‍ണനേട്ടം. 200 മീറ്റർ ഓട്ടത്തിൽ അന്ന് 23.97 സെക്കന്‍ഡില്‍ ഹിമ ഫിനിഷിംഗ് ലൈൻ തൊട്ടു. പുറം വേദന അവഗണിച്ചാണ് ഹിമ അന്ന് ട്രാക്കിലിറങ്ങിയത്.
പിന്നീട് ജൂലൈ 13ന് മൂന്നാം സ്വർണ്ണം. ചെക്ക് റിപ്പബ്ലിക്കില്‍ ക്ലാഡ്നോ മെമ്മോറിയല്‍ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്റർ പിന്നിട്ടത് 23.43 സെക്കന്‍ഡില്‍. തുടർന്ന് 17ൽ ചെക്ക് റിപബ്ലിക്കിലെ ടാബോർ അത്‌ലറ്റിക്സ് മീറ്റിൻ്റെ 200 മീറ്റർ ഓട്ടത്തിൽ നാലാം സ്വർണം. അഞ്ചാമത്തെ സ്വർണ്ണം ജൂലൈ 20നായിരുന്നു. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്‌റ്റോയില്‍ നടന്ന മത്സരത്തില്‍ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here