ആന്തൂർ പ്രവാസി വ്യവസായിയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കണ്ണൂർ നർക്കോട്ടിക് ഡിവൈഎസ്പി വിഎ കൃഷ്ണദാസിനെയാണ് സ്ഥലം മാറ്റിയത്.
കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല. തളിപ്പറമ്പ് ആർ ഡിഒയ്ക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. സാജന്റെ ആത്മഹത്യയെ തുടർന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പികെ ശ്യാമള, സെക്രട്ടറി എംകെ ഗിരീഷ് , മുനിസിപ്പല്‍ എഞ്ചിനീയര്‍ കലേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ബീന പരാതി നല്‍കിയിരുന്നു.
15 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി വ്യവസായിയായ കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ സാജൻ, കണ്ണൂർ ബക്കളത്ത് കൺവെൻഷൻ സെന്ററിന്റെ നിർമാണം തുടങ്ങുകയായിരുന്നു.
തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഇതിൽ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here