പാലായിൽ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ട് മുന്നണികൾ

പാലായിൽ പരസ്യ പ്രചാരണം പൂർത്തിയായതോടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ട് മുന്നണികൾ. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും നാളെ സ്ഥാനാർത്ഥികളും അണികളും. തിങ്കളാഴ്ച്ചയാണ് പാലാ ജനവിധി തേടുന്നത്.

രാവിലെ മേലുകാവ് മൂന്നിലവ് പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വോട്ടുതേടൽ. സ്വകാര്യ പരിപാടികളിലും മരണ വീടുകളിലുമടക്കം സന്ദർശനം പൂർത്തിയാക്കി ഉച്ചയോടെ മാണി സി കാപ്പൻ പാലാ നഗരത്തിൽ തിരികെയെത്തി. മന്ത്രി എംഎം മണി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇന്നും മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകി.

യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇന്ന് പ്രചാരണം നടത്തിയ്ത. ഗൃഹ സന്ദർശന പരിപാടികളും കുടുംബ യോഗങ്ങളും നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ന് നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നും മണ്ഡലത്തിൽ സജീവമായിരുന്നു.

എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി നഗര പ്രദേശത്ത് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാളെ നിശബ്ദ പ്രചാരണത്തിനിടെ ഇതുവരെ എത്താനാകാത്ത പ്രദേശങ്ങളിൽ പ്രധാന വ്യക്തികളെ നേരിൽ കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top