സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുമായി സൗദി എയർലൈൻസ്

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുമായി സൗദി എയർലൈൻസ്. പത്തു ലക്ഷം സീറ്റുകൾ 99 റിയാൽ നിരക്കിൽ വിൽക്കാനാണ് സൗദിയയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചു.
സൗദിയുടെ 89-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സൗദി എയർലൈൻസ് വലിയ തോതിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചത്. ആഭ്യാന്തര സർവീസിൽ പത്ത് ലക്ഷം ടിക്കറ്റുകൾ 99 റിയാൽ നിരക്കിൽ നല്കും. ഇക്കണോമി ക്ലാസിൽ ഒൺവെ ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കുക. ഇതോടൊപ്പം 5 ശതമാനം വാറ്റ് കൂടി നൽകണം. 2019 ഒക്ടോബർ പതിനഞ്ച് മുതൽ 2020 മാർച്ച് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ന് മുതൽ സെപ്തംബർ 23ന് മുൻപ് സീറ്റുകൾ ബുക്ക് ചെയ്യണം. വിമാനക്കമ്പനികളും ടെലിഫോൺ കമ്പനികളും മറ്റും വലിത തോതിലുള്ള ഓഫറുകൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്തംബർ 23-നാണ് ദേശീയ ദിനമെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷപരിപാടികൾ ഇതിനകം ആരംഭിച്ചു. ജനറൽ എന്റർടൺമെന്റ് അതോറിറ്റിക്കു കീഴിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുന്നത്. എയർ ഷോ, കരിമരുന്ന് പ്രയോഗം, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വിനോദ പരിപാടികൾ, ഷോപ്പിങ് ഉത്സവം, പ്രദർശനങ്ങൾ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here