ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. ലോകകകപ്പിനു ശേഷം കളിയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം നവംബർ വരെ വിട്ടു നിൽക്കുമെന്നാണ് വിവരം. രണ്ട് മാസത്തേക്ക് കളിയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് ധോണി നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇടവേള തുടരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകകപ്പിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഏറെ പഴി കേട്ട ധോണി പിന്നീട് ഒരു മത്സരം പോലും ഇന്ത്യക്കായി കളിച്ചില്ല. വെസ്റ്റിൻഡീസ് പരമ്പരയിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിന്നിരുന്നു. സൈനിക സേവനത്തിനായി രണ്ട് മാസത്തെ അവധിയെടുത്ത ധോണിയെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പരിഗണിച്ചിരുന്നില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്നും ഋഷഭ് പന്താവും മൂന്ന് ഫോർമാറ്റുകളിലെയും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറെന്നും സെലക്ഷൻ കമ്മറ്റി തുറന്നു പറഞ്ഞിരുന്നു.
അതേ സമയം, ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സെലക്ഷൻ കമ്മറ്റിയും ധോണിയുടെ ഭാര്യ സാക്ഷിയുമൊക്കെ ഈ റിപ്പോർട്ടുകൾ തള്ളിയിരുന്നു. ധോണിക്ക് പകരം ടീമിലേക്ക് പരിഗണിച്ച ഋഷഭ് പന്ത് മോശം ഫോം തുടരുന്നതിനാൽ ചില നിർണ്ണായക സംഭവ വികാസങ്ങൾ വരും ദിവസങ്ങളിൽ സംഭവിച്ചേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here